കൊച്ചി: 11,400 കോടി രൂപയുടെ തട്ടിപ്പ് കാണിച്ച് വിദേശത്തേക്ക് കടന്ന നീരവ് മോദിയും പത്തടിപ്പാലംസ്വദേശി ഷാജിയും തമ്മിലൊരു ബന്ധമുണ്ട്. ഇരുവരും ബാങ്കിന് കടപ്പെട്ടവരാണ് എന്നതാണത്. നീരവ് മോദിയും വിക്രം കോത്താരിയും വിജയ് മല്യയും അടക്കമുള്ള പ്രമുഖര്‍ തട്ടിപ്പിന് ശേഷം വിദേശത്ത് കടന്നു എങ്കില്‍ എടുക്കാത്ത വായ്പയുടെ പേരില്‍ കാൽനൂറ്റാണ്ടോളമായി അനുഭവിക്കുന്ന നീതികേടിനെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലാണ് ഷാജിയുടെ ഭാര്യ പ്രീത.
എറണാകുളം ഇടപള്ളിയിലെ പത്തടിപ്പാലം സ്വദേശിയായ ഷാജിയുടേയും പ്രീതയുടേയും കുടുംബമാണ് സ്വകാര്യ ബാങ്കിന്‍റെ ഭീഷണി ഭയന്ന് അതിജീവനത്തിനായി ചിതയൊരുക്കി സമരം ചെയ്യുന്നത്. 222 ദിവസം പിന്നിട്ടതിനൊടുവില്‍ പ്രീത പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരസമരം ആറാം ദിവസം പിന്നിട്ടു.
1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്‍റെ ആലുവാ ശാഖയില്‍ ജാമ്യം നില്‍ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്‌പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജന്‍ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ വന്നു ചേരുകയായിരുന്നു എന്ന് പ്രീത പറയുന്നു. “വാഹനങ്ങളുടെ ബോഡി വർക്‌ഷോപ്പ് നടത്തുകയായിരുന്ന സാജന്‍റെ ഒരു വാഹനം ഷാജി ഓടിച്ചിരുന്നു. ആ ബന്ധത്തിലാണ് ജാമ്യം നിന്നത്. കടം തിരിച്ചടക്കേണ്ട ബാധ്യത ആയതോട് കൂടി 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം അടച്ചു. എന്നാല്‍ അവര്‍ പറയുന്ന കൊള്ളപലിശ വീട്ടാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. ഒരു ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായില്ല, ” പ്രീത പറഞ്ഞു.
പണമിടപാടിലെ ക്രമക്കേടുകള്‍ കാരണം നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണാ ബാങ്ക് 2007ല്‍ പഞ്ചാബ് ആസ്ഥാനമായുള്ള സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിക്കുകയും തൊട്ടടുത്ത വര്‍ഷം തന്നെ മുംബൈ ആസ്ഥാനമായുള്ള വന്‍കിടക്കാരായ എച്ച്ഡിഎഫ്സി ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും ചെയ്തതോട് കൂടി കടബാധ്യത എച്ച്ഡിഎഫ്സി ബാങ്കിനായി. 2010 ആവുമ്പോഴേക്കും ഷാജിയുടേയും കുടുംബത്തിന്‍റെയും ബാധ്യത ഒരു കോടിയോളം ആയി ഉയർന്നാതായി ബാങ്ക് കണക്കുകൾ. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി ( Securitisation nd Reconstruction of Financial Assets and Enforcement of Security Interest) നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേര്‍ന്നു.കടുക് ചോരുന്നത് തടിയെടുത്ത് തടുക്കും, കനകം ചോരുന്നത് നോക്കി നിൽക്കും എന്ന പഴഞ്ചൊല്ലിന് അനുസ്മരിപ്പിക്കുന്നതാണ് ബാങ്കുകളുടെ നിലപാടുകൾ അനുസ്മരിപ്പിക്കുന്നത്.
വന്‍കിട തട്ടിപ്പുകള്‍ നടത്തിയവര്‍ സുഖമായി വിദേശത്ത് കടക്കുകയും ചെറിയ പിഴയടച്ച് ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ കിടപ്പാടം ജപ്തി ചെയ്യുമെന്നുള്ള ബാങ്കിന്‍റെ ഭീഷണി തങ്ങളുടെ ജീവിതം തന്നെ താറുമാറാക്കി എന്നാണ് പ്രീത പങ്കുവെയ്ക്കുന്ന അനുഭവം.
വായ്പാ തട്ടിപ്പ് നടത്തിയവർക്ക് വിദേശത്ത് സുഖജീവിതത്തിനുളള വഴി, ജാമ്യം നിന്നവരെ തെരുവാധാരാമാക്കാനുളള വഴിഇതാണ് ഇപ്പോൾ ബാങ്കുകളുടെ മുദ്രാവാക്യം എന്ന് ഇതെല്ലാം കാണുന്ന ഒരു സാധാരണക്കാരന് തോന്നിയാൽ അവരെ കുറ്റം പറയാൻ ബാങ്കുകാർക്കോ ഭരണാധികാരികൾക്കോ സാധിക്കുമോ? പത്തടിപ്പാലത്ത് നിന്നും ഉയരുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഒരുങ്ങുന്നതിന് മുമ്പ് ഈ കഥകൾ കൂടി അറിയണം.
“ഇരുപത്തിനാല് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ഒരു മകനും ഒരു മകളുമാണ് എനിക്കുള്ളത്. പഠിക്കാന്‍ മിടുക്കനായിരുന്ന മകന്‍റെ ഡിഗ്രി കാലത്താണ് ജപ്തി നടപടികള്‍ ആരംഭിക്കുന്നത്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മാനസിക വിഷമം കാരണം അവന് പഠനം നിര്‍ത്തി ഡ്രൈവര്‍ പണിക്ക് പോവേണ്ടി വന്നു. എല്ലാവര്‍ക്കും മക്കളെ നന്നാക്കാനാണ് ആഗ്രഹം. ഞങ്ങള്‍ക്കത് വിചാരിച്ചിട്ടും നടന്നില്ല. കഴിഞ്ഞ വര്‍ഷം വീട് ജപ്തി ചെയ്യാന്‍ വന്നതിന് പിന്നാലെയാണ് ഇവിടുത്തെ അമ്മ ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഇനിയും ഇത് നീണ്ടുപോകില്ല എന്ന് തന്നെയാണ് ആശിക്കുന്നത്,” നിരാഹാര പന്തലില്‍ ഇരുന്നുകൊണ്ട് പ്രീത പറഞ്ഞു.

‘പാവങ്ങളുടെ കഴുത്തറുക്കുകയും പണക്കാരോട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്യുന്നതാണ്’ ബാങ്കുകളുടെ നയം. അതിനാണ് സര്‍ഫാസി പോലുള്ള നിയമങ്ങള്‍ എന്നും ആരും ധനികരുടെ മേല്‍ ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കാറില്ല എന്നും സമരം നടത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
“ഒരു വശത്ത് വിജയ് മല്യയും നീരവ് മോദിയും വിക്രം കോത്താരിയും പോലുള്ളവര്‍ ലക്ഷം കോടികളുടെ അഴിമതി കാണിച്ച് കടന്നുകളയുന്നു മറ്റൊരിടത്ത് നിയമപ്രകാരം നിര്‍മാണ പ്രവര്‍ത്തനം അനുവദിനീയമല്ലാത്ത ഭൂപ്രദേശത്ത് ഡിഎല്‍എഫ് പോലുള്ള റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ കയ്യേറി നിര്‍മിച്ച നൂറുകണക്കിന് ആഡംബര ഫ്ലാറ്റുകളെ നിസ്സാരമായ ഒരു കോടി പിഴയില്‍ ഒതുക്കി കോടതി വിധിവരുന്നു. ഇതേ സാഹചര്യത്തിലാണ് സര്‍ഫാസി നിയമം പോലുള്ള നിയമങ്ങള്‍ സാധാരണക്കാരന്‍റെ ജീവനും സ്വത്തിനും ഭീഷണിയാകും വിധം പ്രയോഗിക്കപ്പെടുന്നതും അവര്‍ വഴിയാധാരമാകേണ്ടി വരുന്നതും” സര്‍ഫാസി വിരുദ്ധ ജനകീയ മുന്നേറ്റം ജനറല്‍ കണ്‍വീനര്‍ വി.സി.ജെന്നി ആരോപിച്ചു.
സര്‍ഫാസി പ്രയോഗിച്ച് ജപ്തി ചെയ്യുന്ന കേസുകളില്‍ വേറെയും ക്രമക്കേടുകള്‍ നടക്കുന്നതായാണ് സര്‍ഫാസി വിരുദ്ധ സമര നേതാവായ അഡ്വ പിജെ മാനുവലും പറയുന്നത്.
ഷാജിയുടെ കാര്യത്തില്‍, 2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല എന്നാണ് രേഖകളിൽനിന്നും വ്യക്തമാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന് ഈ രേഖകള്‍ ലഭിക്കുകയുണ്ടായി. 2014 ഫെബ്രവരിയില്‍ ഓണ്‍ലൈന്‍ ലേലം വഴിയാണ് എച്ച്ഡിഎഫ്സി ബാങ്ക് സ്ഥലത്തിന്‍റെ ലേലം പൂര്‍ത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്.

ജപ്തിയായ സ്ഥലം ലേലം ചെയ്യുന്നതിലും വന്‍കിട ക്രമക്കേടുകള്‍ നടക്കുന്നത് വ്യക്തമാണ്. 37 ലക്ഷം രൂപയ്ക്കാണ് പത്തടിപ്പാലം മെട്രോ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്തിലുള്ള 18.5 സെന്റ് സ്ഥലം വിറ്റുപോകുന്നത്. ബാങ്കും റിയല്‍ എസ്റ്റേറ്റും തമ്മിലുള്ള കൂട്ടുകച്ചവടം വ്യക്തമാക്കുന്നതാണ് ഇതെന്ന് അഡ്വ.പി.ജെ.മാനുവല്‍ ആരോപിക്കുന്നു.
“സര്‍ഫാസി നിയമപ്രകാരം അംഗീകൃതരായ ‘വാല്യുവര്‍’ നിര്‍ണയിക്കുന്ന തുകയാണ് ഒരു ഭൂമിയുടെ അടിസ്ഥാനവിലയായി കണക്കാക്കുക. മറ്റൊരു വാല്യുവറെകൊണ്ട് ഞങ്ങള്‍ വിലയിരുത്തിയപ്പോള്‍ കുറഞ്ഞത് ഒരുകോടി എണ്‍പത്തിയേഴ് ലക്ഷത്തോളം വരുന്ന ഭൂമിയാണ് ബാങ്ക് 37 ലക്ഷത്തി എണ്‍പത്തിനായിരത്തിന് വിറ്റത്,” പി.ജെ.മാനുവല്‍ പറഞ്ഞു.
ഈ പ്രദേശത്ത് സെന്റിന് റോഡ് സൗകര്യം അനുസരിച്ച് സെന്റിന് പത്ത് മുതല്‍ ഇരുപത് ലക്ഷം രൂപ വരെയാണ് കമ്പോളവില എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ബാങ്കില്‍ പണയപ്പെടുത്തിയ വസ്തുവിന്‍റെ പൂര്‍ണ അധികാരം ബാങ്കിനാണ് എന്നിരിക്കെ കടക്കാരന് ബാങ്കിന്‍റെ അനുമതിയില്ലാതെ ഭൂമി വില്‍ക്കുവാനോ കൈമാറ്റം ചെയ്യുവാനോ സാധിക്കില്ല. ഇത് മുതലെടുത്ത് ബാങ്കോ അതിന്‍റെ ജീവനക്കാരോ റിയാല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി കൂട്ടുകച്ചവടം നടത്തുകയാണ് എന്നും സമരക്കാര്‍ ആരോപിക്കുന്നു. ഷാജിയുടെ സ്ഥലത്തിന്‍റെ ‘റിക്കവറി’ ഓഫീസര്‍ ആയിരുന്ന രംഗനാഥന്‍ സമാനമായൊരു പരാതിയിന്മേല്‍ ഒരു മാസത്തിനപ്പുറം വിജിലന്‍സ് നടപടി നേരിട്ടതാണ് എന്നും മാനുവല്‍ ആരോപിക്കുന്നു.
“കുറച്ച് സ്ഥലം വിറ്റിട്ട് ബാക്കി തുക അടയ്ക്കാമെന്ന് ഞങ്ങള്‍ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍ അത് വേണ്ട. മൊത്തം സ്ഥലം വില്‍ക്കണം എന്ന് അവര്‍ കര്‍ക്കശമായി തന്നെ അറിയിക്കുകയായിരുന്നു, ” പ്രീത ഷാജി പറഞ്ഞു.

ഷാജിയുടേയും കുടുംബത്തിന്‍റെയും കാര്യത്തില്‍ ഇടപെടണമെന്ന് എംഎല്‍എമാരായ എം.സ്വരാജും പി.ടി.തോമസും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തന്നെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ഇത് കുടുംബത്തിന് ആശ്വാസം ആകുമെങ്കിലും ബാങ്കുകളില്‍ നിന്നും സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒരു അറുതിയുണ്ടാവില്ല എന്നാണ് വി.സി.ജെന്നി അഭിപ്രായപ്പെടുന്നത്.
“ഇത് ഒരു ഒറ്റപ്പെട്ട കേസല്ല. ഞങ്ങള്‍ വര്‍ഷങ്ങളായി സര്‍ഫാസി നിയമത്തിനെതിരായ സമരം തുടങ്ങിയിട്ട്. ദരിദ്രരും പിന്നോക്കക്കാരും ദലിതരുമാണ് ഈ നിയമത്തിന്‍റെ കെടുതി അനുഭവിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗക്കാരുടെ വികസനത്തിന് ബാങ്ക് നല്‍കുന്ന പണം കടമായി വാങ്ങിയിട്ട് വീട് ജപ്തിയായ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ആരുടെ വികസനം എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ബാങ്കിന്‍റെയോ ജനങ്ങളുടെയോ? ” ജെന്നി ചോദിച്ചു.
വിക്രം കോത്താരിയുടെ വായ്പാ തട്ടിപ്പ് വിഷയം വിവാദമായപ്പോൾ വന്ന വാർത്തയിൽ പറയുന്നത് പലിശ പോലും കോത്താരി എന്ന മുതലാളി അടച്ചിരുന്നില്ല എന്നതാണ്.എന്നാൽ ജാമ്യം നിന്നവരായിട്ടുപോലും രണ്ട് ലക്ഷം വായ്പ എടുത്തതിന് പകരമായി ഒരു ലക്ഷം അടച്ചവരാണ് പത്തടിപ്പാലം ഷാജിയും കുടുംബവും. അവരുടെ സ്വത്ത് നിസ്സാരവിലയ്ക്ക് വിറ്റ് അവരെ തെരുവാധാരമാക്കുന്നു. അതേസമയം നീരവ് മോദിയും വിജയ് മല്യയും വിക്രം കോത്താരിയും തട്ടിച്ച പണം കൊണ്ട് സുഖിച്ചു ജീവിക്കുന്നുവെന്നല്ലേ വാർത്തകൾ. ഈ ചോദ്യത്തിന് ഉത്തരം പറയാൻ ബാങ്കുകൾ മാത്രമല്ല, സർക്കാരും തയ്യാറാകണം. ഇത് പത്തടിപ്പാലം ഷാജിയുടെ മാത്രം കാര്യമല്ല, കൊല്ലത്തെ കശുവണ്ടി വ്യവസായം നടത്തുന്ന നിരവധിപേർ സർഫാസി കുരുക്കിൽപ്പെട്ട് കിടക്കുകയാണ്. കേരളത്തിൽ അവശേഷിക്കുന്ന കശുവണ്ടി വ്യവസായത്തെ കൂടെ തകർക്കാനാണ് ബാങ്കുകകളുടെയും മറ്റും ശ്രമമെന്നും സര്‍ഫാസി വിരുദ്ധ സമരസമിതി ആരോപിക്കുന്നു.
അഞ്ച് ലക്ഷത്തില്‍ താഴെയുള്ള കടമോ അഞ്ച് സെന്റില്‍ താഴെയുള്ള ഭൂമിയോ ആണ് എങ്കില്‍ സര്‍ഫാസി നിയമം ഉപയോഗിക്കരുത് എന്ന് കേരള നിയമസഭയില്‍ തീരുമാനമായിട്ടുണ്ട് എങ്കിലും നിയമനിര്‍മാണം ഒന്നും നടന്നിട്ടില്ല. അത് കണക്കിലെടുത്ത് എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും ഇളവ് ലഭിക്കും എന്നാണ് ഇപ്പോഴും പ്രീതയുടെ പ്രതീക്ഷ. ‘പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശത്തെവരെ ഇല്ലാതാക്കുന്ന സര്‍ഫാസി നിയമം പിന്‍വലിക്കുന്നത് വരെ സമരങ്ങള്‍ തുടരും എന്നാണ് സമരസമിതിയും അറിയിക്കുന്നത്.