Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

സര്‍ഫാസി; പെരുമാറ്റ ചട്ടത്തില്‍ കുടുങ്ങി നിയമസഭാ സമിതി, മെല്ലെപ്പോക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സമിതിക്ക് മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ലെന്നും, സാഹചര്യങ്ങളാണ് സിറ്റിങ് നീണ്ടുപോകാന്‍ കാരണമെന്നും സമിതി ചെയര്‍മാനായ എസ്.ശര്‍മ

Sarfasi act , Bank Loan, Kerala MLA

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സര്‍ഫാസി നിയമവും ഇതുമായി ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുന്നു. സര്‍ഫാസി നിയമം സംബന്ധിച്ച് പഠിക്കുന്ന കേരള നിയമസഭ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ ജപ്തിയുമായി ബന്ധപ്പെട്ട നിഷ്ഠൂര നീക്കങ്ങള്‍ ബാങ്കുകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നെയ്യാറ്റിന്‍കര സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. സര്‍ഫാസി കേന്ദ്ര നിയമമാണെങ്കിലും കേരളത്തിലെ സാമൂഹ്യ സാഹചര്യം കൂടി ബാങ്കുകള്‍ മനസിലാക്കണമെന്നും സര്‍ക്കാരിന് ചില അധികാരങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കുന്ന സ്ഥിതിയാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സ്പൂക്കര്‍ പ്രതികരിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയെ കുറിച്ചും ചർച്ചയായിരിക്കുന്നത്.

Read More: നെയ്യാറ്റിൻകര ആത്മഹത്യയിൽ വ്യാപക പ്രതിഷേധം, കാനറ ബാങ്കിന്റെ റീജിയണൽ ഓഫീസ് അടിച്ചു തകർത്തു

പ്രളയത്തിന് ശേഷം വായ്പ തിരിച്ചടുവകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ഭീഷണി വന്നപ്പോള്‍ കേരളത്തില്‍ പലയിടത്തും കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ഫാസി നിയമത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിച്ചത്. 2018 ഡിസംബര്‍ 18 നാണ് സമിതി രൂപീകരിക്കപ്പെട്ടത്. സമിതി രൂപീകരിച്ച് ആറ് മാസത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കിടപ്പാടം പണയംവച്ച് ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്കെതിരെ ബാങ്കുകള്‍ സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടി സ്വീകരിക്കുന്നതു സംസ്ഥാനത്തു സൃഷ്ടിച്ച പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. എന്നാല്‍, ഡിസംബര്‍ 18 ന് രൂപീകരിച്ച സമിതി കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഒരു സിറ്റിങാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് അധികം കാര്യങ്ങളൊന്നും ചര്‍ച്ചയായിട്ടില്ല.

Read More: ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്

നിയമസഭാ സമിതിയിലെ 11 അംഗങ്ങള്‍: എസ്.ശര്‍മ (ചെയര്‍മാന്‍), ഇ.എസ്.ബിജിമോള്‍, മോന്‍സ് ജോസഫ്, എ.പ്രദീപ് കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.കെ.ശശീന്ദ്രന്‍, വി.ഡി.സതീശന്‍, കെ.സുരേഷ് കുറുപ്പ്, എം.ഉമ്മര്‍, എന്‍.വിജയന്‍ പിള്ള

അലംഭാവമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയില്‍ മെല്ലെപ്പോക്ക് ആരോപിച്ച് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമിതിയിലെ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ ഉള്ളതിനാല്‍ സമിതിക്ക് യോഗം ചേരാന്‍ പോലും കഴിയുന്നില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് തിരുവഞ്ചൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. യോഗം ചേരുന്നതിനും ചര്‍ച്ച നടക്കുന്നതിനും പെരുമാറ്റചട്ടം എതിരല്ല. അങ്ങനെയാണെങ്കില്‍ പെരുമാറ്റചട്ടം നിലവില്‍ ഉള്ളതുകൊണ്ട് മന്ത്രിസഭായോഗം പോലും ചേരാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ഈ മാസം ആറിന് സമിതിയുടെ രണ്ടാമത്തെ സിറ്റിങ് തീരുമാനിച്ചിരുന്നതാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ സമിതി അംഗമെന്ന നിലയില്‍ താന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍, പെട്ടെന്നാണ് സിറ്റിങ് ഉപേക്ഷിച്ചതായി അറിയിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനുമുള്ളത്. ഗൗരവമുള്ള വിഷയത്തില്‍ ഇങ്ങനെയൊരു മെല്ലെപ്പോക്ക് പാടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Read More: ജപ്‌തി നടപടികളിൽ ഭയന്ന് ആത്മഹത്യ; മകൾ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ്

ആരോപണങ്ങള്‍ നിഷേധിച്ച് എസ്.ശര്‍മ

സമിതിക്ക് മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ലെന്നും, സാഹചര്യങ്ങളാണ് സിറ്റിങ് നീണ്ടുപോകാന്‍ കാരണമെന്നും സമിതി ചെയര്‍മാനായ എസ്.ശര്‍മ പറഞ്ഞു. വയനാട്ടിലാണ് രണ്ടാം സിറ്റിങ് നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍, വയനാട്ടിലെ കാലാവസ്ഥ വ്യതിയാനം കാരണം അങ്ങോട്ടേക്കുള്ള യാത്രകള്‍ നിരോധിച്ച സമയമായിരുന്നു അത്. അങ്ങനെയാണ് രണ്ടാം സിറ്റിങ് ഉപേക്ഷിക്കേണ്ടി വന്നത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് അവിടെ വച്ച് തന്നെ രണ്ടാം സിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. പിന്നീട് സമിതിക്ക് ചേരാന്‍ സാധിക്കാതെ പോയത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതുകൊണ്ടാണ്. ഈ കാലയളവില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കേരളത്തിലെ വോട്ടെടുപ്പിന് ശേഷം രണ്ടാമത്തെ സിറ്റിങ് നടത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, അപ്പോഴും പെരുമാറ്റചട്ടം പ്രശ്‌നമായി. പെരുമാറ്റചട്ടം നിലവിലുള്ളതുകൊണ്ട് സിറ്റിങ് നടത്താന്‍ പറ്റില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിക്കുകയായിരുന്നു. അല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് ഇല്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളാണ് സിറ്റിങ് നീളാന്‍ കാരണം. പെരുമാറ്റചട്ടം പൂര്‍ത്തിയായതിനു ശേഷം സമിതി മറ്റ് നടപടികളിലേക്ക് കടക്കുമെന്നും എസ്.ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Read More Kerala News Here

പെരുമാറ്റചട്ടം തന്നെയാണ് വിഷയമെന്ന് വി.ഡി.സതീശന്‍

സിറ്റിങ് നീണ്ടുപോകാന്‍ കാരണം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തന്നെയാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും വി.ഡി.സതീശന്‍ എംഎല്‍എ പ്രതികരിച്ചു. പെരുമാറ്റചട്ടം നിലവിലുള്ളതുകൊണ്ടാണ് സിറ്റിങ് നടത്താന്‍ ബുദ്ധിമുട്ടുള്ളതെന്നും നിയമസഭാ സമിതിക്കാണ് ഈ വിഷയത്തില്‍ കൂടുതല്‍ ചുമതലയെന്നും സമിതി അംഗമായ വി.ഡി.സതീശന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sarfaesi act kerala government legislative committee

Next Story
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം; കെ.എം.മാണി അനുസ്മരണത്തിനിടെ തിരഞ്ഞെടുക്കരുതെന്ന് കോടതിKM Mani and Jose K Mani Kerala Congress M
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express