കൊച്ചി: ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട മത്തിയുടെ വളർച്ചാപരിശോധന നടത്തിയപ്പോൾ ഇവ പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഗവേഷകർ കണ്ടെത്തി. 14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, മുട്ടയിടാൻ പാകമായ വലിയ മത്തികൾ നിലവിൽ കേരളതീരങ്ങളിൽ തീരെ കുറവാണെന്നും സിഎംഎഫ്ആർഐയുടെ പഠനം വ്യക്തമാക്കുന്നു.
Also Read: കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു; മത്തി കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എംഎൽഎസ്) 10 സെ.മീ. ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.
Also Read: സംസ്ഥാനത്ത് കരിമീൻ, കാളാഞ്ചി, പൂമീൻ ഹാച്ചറി; സിബയും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു
കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. 2017ൽ ലഭ്യത ചെറിയ തോതിൽ ഉയർന്നുവെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി കുറയുകയാണുണ്ടായത്. 2019ൽ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സിഎംഎഫ്ആർഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഇപ്പോൾ കാണുന്നതരം ചെറിയ മത്തികളെ പിടിക്കുന്നതിൽ നിയന്ത്രണം ഏർപെടുത്തിയാൽ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് സിഎംഎഫ്ആർഐയില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശം ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽ പെടുത്തിയുട്ടെണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അറിയിച്ചു.