സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ അസുഖാവസ്ഥയെ കുറിച്ചുള്ള വാർത്തകൾ വേദനയോടെയാണ് മലയാളികൾ കേട്ടത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയും ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്ന കാര്യം സാമൂഹ്യപ്രവർത്തകനായ സൂരജ് പാലാക്കാരനാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞെന്നും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ശരണ്യയോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.

” ശരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. വലതുകാലിൽ ഇപ്പോൾ തൊട്ടാൽ അറിയുന്നുണ്ട്. പക്ഷേ സ്വയം കാൽ അനക്കാൻ അവൾക്ക് സാധിക്കുന്നില്ല. കാലിൽ സ്പർശിക്കുന്നത് അറിയുന്നതുകൊണ്ട് അവളെ നടത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. ആറു വർഷത്തിനിടെ ഇത് ഏഴാമത്തെ സർജറിയാണ്. ഇങ്ങനെ തുടർച്ചയായി വരുന്നത് തന്നെ അപൂർവ്വമായ കേസാണ്. അവളായിരുന്നു അവരുടെ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്. ശരണ്യയുടെ മനകരുത്തു കൊണ്ട് മാത്രമാണ് അവൾ ഇത്രയും അതിജീവിച്ചത്,” ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായർ പറഞ്ഞു.

“രണ്ടു ലക്ഷം രൂപയോളം സർജറിയ്ക്ക് ചെലവു വന്നു. മുന്നോട്ടുള്ള ചികിത്സ, മറ്റു ആശുപത്രി ചെലവുകൾ- എല്ലാറ്റിനും ഇനിയും പണം കണ്ടെത്തണം. സ്വന്തമായോ വീടോ ബാങ്ക് ബാലൻസോ ഒന്നുമില്ല അവൾക്ക്. വാടക വീട്ടിലാണ് താമസം.​ അവൾക്കൊരു വീടുണ്ടായി കാണാനുള്ള ആഗ്രഹത്തിലാണ് ഞങ്ങൾ സുഹൃത്തുക്കൾ,” സീമ ജി നായർ പറയുന്നു.

ആറു വർഷങ്ങൾക്ക് മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ വന്നത്. സഹപ്രവർത്തകരുടെ സഹായം കൊണ്ടാണ് ഇത്രനാളും ചികിത്സ മുന്നോട്ടു പോയത്. ചികിത്സ മുന്നോട്ടു കൊണ്ടുപോവാൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് സുഹൃത്തുക്കൾ ഇപ്പോൾ.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചു.

Sharanya Sasi, Saranya Sasi, ശരണ്യ ശശി, Sharanya cancer, Sharanya Cancer treatment, ശരണ്യ കാൻസർ ചികിത്സ, Seema G Nair, സീമ ജി നായർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.