Kerala SSLC Result: തിരുവനന്തപുരം: അവയവദാനത്തിലൂടെ പത്ത് പേർക്ക് പുതുജീവൻ നൽകിയ സാരംഗിന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ്. ഫലപ്രഖ്യാപനത്തിനുശേഷം വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച സാരംഗിനെക്കുറിച്ച് പരാമർശിക്കുകയും ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രേസ് മാർക്ക് ഇല്ലാതെ എല്ലാ വിഷയങ്ങളിലും സാരംഗ് എപ്ലസ് നേടി. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) മരിച്ചത്.
മസ്തിഷ്‌ക മരണമടഞ്ഞ സാരംഗ് അവയവദാനത്തിലൂടെ പത്ത് പേർക്കാണ് പുതുജീവൻ നൽകിയത്. “വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്.ദുഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുകയും അവരുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു,” മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു..
ആറാം തീയതി വൈകിട്ടാണ് പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗും അമ്മയും സഞ്ചാരിച്ച ഓട്ടോറിക്ഷ മറിഞ്ഞത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സാരംഗ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. ചെറുപ്പം മുതൽ ഫുട്ബോൾ ഇഷ്ടപ്പെട്ടിരുന്ന സാരംഗ് കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്നു.
ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ്. മകനെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് എസ്എസ്എൽസി ഫലം പുറത്തുവന്നത്. ഉച്ചയ്ക്കുശേഷം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ചു. ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് സാരംഗിന്റെ ശരീരം സ്കൂളിലും വീട്ടിലും എത്തിച്ചത്.