കൊച്ചി: കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സാറ കോഹന്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്നും തിരിച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു മരണം. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ്  മട്ടാഞ്ചേരി ജ്യൂ ടൗണിലുള്ള ജൂത സെമിത്തേരിയില്‍

ഇന്ത്യയിലെ ഏറ്റവും പുരാതനമായ കൊച്ചിയിലെ മലബാര്‍ ജൂത സമൂഹത്തിന്റെ ഭാഗമായിരുന്നു സാറ. 1948 ല്‍ ഇസ്രായേല്‍ രാജ്യം രൂപീകരിച്ചപ്പോള്‍ 2500 ജൂതര്‍ കൊച്ചിവിട്ടു. എന്നാല്‍ സാറ കേരളത്തില്‍ തുടരുകയായിരുന്നു. കേരളത്തിലവശേഷിക്കുന്ന അഞ്ച് ജൂതരിലൊരാളായിരുന്നു സാറ.

”രണ്ടാഴ്ച മുന്‍പാണ് അവരൊന്ന് വീണത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ ചെറിയ ഫ്രാക്ച്ചറുണ്ടെന്ന് അറിഞ്ഞു. അതല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നമൊന്നുമില്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് എന്നോട് ലൈം ജ്യൂസ് വേണമെന്ന് പറഞ്ഞു. ഞാനത് കൊടുത്ത് അധിക നേരം കഴിയിഞ്ഞില്ല” 11 വര്‍ഷമായി സാറയ്‌ക്കൊപ്പമുണ്ടായിരുന്ന ജാസ്മിന്‍ പറഞ്ഞു.

ഇന്‍കം ടാക്‌സ് ഓഫീസറായിരുന്ന ജേക്കബ്‌ കോഹനായിരുന്നു സാറയുടെ ഭര്‍ത്താവ്‌. ജേക്കബിന്റെ റിട്ടയര്‍മെന്റോടെ കിപ്പ (പ്രത്യേക തൊപ്പി)കളും,  എംബ്രോയ്‌ഡറി ചെയ്തിട്ടുള്ള തൂവാലകളും വില്‍ക്കുന്ന ‘സാറ എംബ്രോയ്‌ഡറി’ എന്ന കട  തുടങ്ങി. സാറയെ പോലെ തന്നെ സാറ എംബ്രോയ്‌ഡറി ഷോപ്പും ഏറെ പ്രസിദ്ധമാണ്‌. 1999ല്‍ ജേക്കബ്‌ കോഹന്‍ സാറയെ വിട്ടുപിരിഞ്ഞു.

സാറയുടെ വിവാഹ ചിത്രം

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലുള്ള സിനഗോഗ് കാണാനായി നിത്യേന എത്തുന്ന സഞ്ചാരികളുടെ സന്ദർശന ഇടമായിരുന്നു സാറയുടെ കടയും ഓർമകളുണറങ്ങുന്ന അവരുടെ വീടുമെല്ലാം.

Read More: പ്രായം തളർത്തിയില്ല, 96-ാം വയസിലും സാറാ കോഹൻ വോട്ട് ചെയ്യാനെത്തി

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജൂത മുത്തശി വോട്ട് ചെയ്യാനായി എത്തിയിരുന്നു. അന്നായിരുന്നു സാറ അവസാനമായി പുറത്തിറങ്ങിയത്.  ഗുജറാത്തികൾ, ജൈനമത വിശ്വാസികൾ, കൊങ്കണികൾ, ജൂത മതസ്ഥർ, ഇസ്‌ലാം മത വിശ്വാസികൾ, തമിഴ് ബ്രാഹ്മണർ എന്നിങ്ങനെ മുപ്പതോളം സമുദായങ്ങളിൽപ്പെട്ടവർക്ക് വോട്ടവകാശമുളള മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറി റോഡിലുളള ആസിയ ഭായ് ഹയർ സെക്കൻഡറി സ്കൂളിലാണ് സാറ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook