തൃശ്ശൂര്‍: ക്രൈസ്തവ സഭകളിലെ പീഡനക്കേസില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണോ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നായിരുന്നു സാറ ജോസഫിന്റെ പ്രതകരണം. ആലഞ്ചേരി സഭാ അധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവര്‍ പറഞ്ഞു.

കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ അധികാര കേന്ദ്രീകരണത്തില്‍ പെണ്‍കുട്ടികളും കന്യാസ്ത്രീകളും ചൂഷണത്തിന് ഇരയാവുകയാണെന്നും സാറാ ജോസഫ് ആരോപിക്കുന്നു.

നേരത്തെ, ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവയ്ക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. റിപ്പോര്‍ട്ടിന് പുറമേ പരിശോധന നടത്തിയ ഡോക്ടറിന്റെ മൊഴികൂടി അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും. അന്വേഷണത്തില്‍ കന്യാസ്ത്രീക്ക് അതൃപ്തി ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു.

തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കന്യാസ്ത്രീ സംശയം പ്രകടിപ്പിച്ചതായി വനിതാ കമ്മീഷന്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി അന്വേഷണ സംഘം അപേക്ഷ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.