തിരുവനന്തപുരം: ട്രെയിനിൽ തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്ന് യുവനടി സനുഷ. അതിൽ വളരെ വിഷമമുണ്ടെന്നും സനുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ സഹയാത്രികനായ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു.

”ഞാൻ ഉറങ്ങുകയായിരുന്നു. ബെർത്തിൽ ഒരാൾ ഉണ്ടായിരുന്നു. ഉറക്കത്തിൽ എന്റെ ചുണ്ടിൽ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോൾ എന്റെ ചുണ്ടിൽ അയാളുടെ കൈവിരൽ. ഞാൻ കൈ പിടിച്ചു. ഉടൻ തന്നെ ലൈറ്റ് ഓൺ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേർ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി”.

”എനിക്കുണ്ടായ ഈ അനുഭവം ഫെയ്സ്ബുക്കിലൂടെ ഞാൻ ഷെയർ ചെയ്തിരുന്നുവെങ്കിൽ നിരവധി പേർ അതിന് കമന്റിട്ടേനെ. സനുഷയ്ക്ക് സപ്പോർട്ട് എന്നൊക്കെ പറഞ്ഞേനെ. പക്ഷേ നേരിട്ട് നമുക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ കൂടെ ഒരാളും ഉണ്ടാകില്ല. അതെനിക്ക് ഇന്നുണ്ടായ സംഭവത്തോടെ മനസ്സിലായി. നമുക്കൊരു പ്രശ്നം ഉണ്ടായാൽ ആരെങ്കിലും ഒരാൾ എങ്കിലും കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചു. അതാണ് തകർന്നത്”.


(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

”ഒരാൾ നമ്മുടെ ശരീരത്തിൽ അനുമതി ഇല്ലാതെ സ്പർശിച്ചാൽ തീർച്ചയായും പ്രതികരിക്കണം. എന്റെ വീട്ടിൽ എന്നെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. നമ്മുടെ കുട്ടികളെ നമ്മൾ ആദ്യം പഠിപ്പിക്കേണ്ടതും പ്രതികരിക്കാനാണ്. ഇപ്പോൾ എനിക്കുണ്ടായ സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും” സനുഷ പറഞ്ഞു.

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സനുഷയ്ക്കുനേരെ അതിക്രമം നടന്നത്. ഷൊർണൂർ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. സനുഷയുടെ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ