കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യുണീടാക് എംഡി സന്തോഷ് ഈപ്പനെ 23 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് സന്തോഷ് ഈപ്പൻ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. ഏപ്രില്‍ വരെയാണ് കസ്റ്റഡി നീട്ടിയത്. ഇ ഡിയുടെ ഹര്‍ജിയിലാണ് പ്രത്യേക സാമ്പത്തിക കോടതിയുടെ ഉത്തരവ്
വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപ സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറല്‍, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം. കോഴയുടെ ഭാഗമായി ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ സന്തോഷ് ഈപ്പൻ വാങ്ങി സ്വപ്നയ്ക്കു നൽകി. ഇതിലൊരു ഫോണാണു ശിവശങ്കറിന്റെ പക്കൽനിന്നു കസ്റ്റംസ് കണ്ടെത്തിയത്.
സന്തോഷ് ഈപ്പന്‍ ആറ് കോടി രൂപ കോഴയായി നല്‍കിയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. കേസിൽ എം.ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ മുമ്പ് ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. പി.എസ്.സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം.ശിവശങ്കര്‍ ഒമ്പതാം പ്രതിയാണ്. കേസില്‍ ശിവശങ്കറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.