തൃശൂർ: സന്തോഷ് ട്രോഫി നേട്ടത്തിൽ കേരളക്കര അഭിമാനിക്കുമ്പോൾ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് അനുരാഗ്. വർഷങ്ങളായി തൃശൂർ കൊടകരയിൽ പുറംമ്പോക്ക് ഭൂമിയിലായിരുന്നു സന്തോഷ് ട്രോഫി താരമായ അനുരാഗിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ന്യൂസ് 18 നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓലമേഞ്ഞ വീട്ടിൽ ദുരിതപൂർണമായിരുന്നു അനുരാഗിന്റെ ജീവിതം. വീട്ടിൽ വൈദ്യുതി ഇല്ല. അച്ഛൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. അമ്മ കൂലിപ്പണിക്ക് പോകും. ഇരുവരുടെയും കഷ്ടപ്പാടും ദുരിതവും കണ്ടാണ് അനുരാഗ് വളർന്നത്. മകന് ഫുട്ബോളാണ് മോഹമെന്ന് അറിഞ്ഞപ്പോൾ കഷ്ടപ്പാടുകൾക്കിടയിലും എല്ലാ പിന്തുണയും നൽകി കുടുംബം ഒപ്പം നിന്നു. ഒടുവിൽ മകനിലൂടെ തന്നെ ഈ കുടുംബത്തിന് വീടെന്ന സ്വപ്നവും യാഥാർത്ഥ്യമായി.

ഐസിഎൽ ഫിൻകോർപ് ആണ് അനുരാഗിന് വീട് നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഫുട്ബോൾ കളിച്ച് തന്നെ വീട് വയ്ക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോൾ ആ സ്വപ്നം നടന്നതിൽ സന്തോഷമുണ്ടെന്നും അനുരാഗ് ന്യൂസ് 18 നോട് പറഞ്ഞു.

പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകർത്താണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. കേരളത്തിന്‍റെ ഗോളി മിഥുന്‍റെ തകർപ്പന്‍ പ്രകടനമാണ് കെവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. 4-2നായിരുന്നു കേരളത്തിന്‍റെ വിജയം. ആറാമത്തെ സന്തോഷ് ട്രോഫിയാണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനെതിരായ വിജയം കേരളത്തിന് മധുര പ്രതികാരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook