/indian-express-malayalam/media/media_files/uploads/2017/07/santhohsa.jpg)
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ അവഹേളിച്ച പ്രസന്ന മാസ്റ്റര്‍ക്കെതിരെ നടനും സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ സന്തോഷ് പണ്ഡിറ്റിന്റെ കുറിക്ക് കൊളളുന്ന മറുപടി. മറ്റൊരു ഏലൂര്‍ ജോര്‍ജ് ആവാന്‍ പ്രസന്ന ശ്രമിക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനിച്ചപ്പോള്‍ തനിക്ക് ഇത്ര സൗന്ദര്യമെ ഉണ്ടായിരുന്നുളളുവെന്നും എല്ലാവര്‍ക്കും പ്രസന്നയെ പോലെ ഹൃത്വിക് റോഷന്‍ ആവാന്‍ കഴിയില്ലല്ലോയെന്നും സന്തോഷ് പരിഹസിച്ചു.
ചത്തു മണ്ണടിഞ്ഞാൽ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണ് മാത്രമാണെന്നും സന്തോഷ് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞത് നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. "കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല' എന്ന ഉരുക്കു സതീഷനിലെ ഡയലോഗും പറഞ്ഞാണ് സന്തോഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read More: പ്രസന്നയെ 'ഓടിച്ചിട്ട് ട്രോളി' ട്രോളന്മാര്‍; പ്രയാഗയെ പ്രണയിച്ച് സോഷ്യല്‍മീഡിയ
സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ച ഏലൂര്‍ ജോര്‍ജ്ജിനെ ട്രോളന്മാര്‍ ശരിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഏലൂരിന് പിന്നാലെ സന്തോഷ് പണ്ഡിറ്റിനെതിരെ പ്രസന്ന മാസ്റ്റര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഡി4 ഡാന്‍സ് വേദിയില്‍ വെച്ചാണ് സന്തോഷ് പണ്ഡിറ്റിനെതിരെ പ്രസന്നയുടെ പരാമര്‍ശം. പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ഡാന്‍സ് പരിപാടിയിലെ ഗെയിമിനിടെ നടിയായ പ്രയാഗയ്ക്ക് അവതാരക ഒരു പ്ലക്കാര്‍ഡ് നല്‍കുകയായിരുന്നു. അതില്‍ എഴുതിയ ആളുടെ പേര് കണ്ടുപിടിക്കുകയാണ് പ്രയാഗ ചെയ്യേണ്ടത്. സൂചനയായി ജഡ്ജസിനോടും വേദിയിലുളളവരോടും ചോദ്യം ചോദിക്കാം.
സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് പ്ലക്കാര്‍ഡിലുളളതെന്ന് പ്രയാഗയ്ക്ക് കാണാന്‍ കഴിയില്ല. ഇദ്ദേഹം 'ഹാന്‍ഡ്സം' ആണോ എന്ന പ്രയാഗയുടെ ചോദ്യത്തിന് 'അല്ല' എന്നാണ് പ്രസന്ന ഉത്തരം പറഞ്ഞത്. എന്നാല്‍ താരം സന്തോഷാണെന്ന് തിരിച്ചറിഞ്ഞ പ്രയാഗ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. പ്രസന്ന മാസ്റ്ററുടെ പരാമര്‍ശം ട്രോളന്മാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രസന്ന നടത്തിയത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് ചെയ്ത നിരവധി നല്ല പ്രവൃത്തികളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.