തൃശൂര്‍: സാഹിത്യകാരന്മാര്‍ വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ വിമര്‍ശനം. നഴ്സുമാര്‍ സമരം നടത്തുമ്പോള്‍ പോലും ഒന്ന് പ്രതികരിക്കാന്‍ തയ്യാറാവാത്ത സാഹിത്യകാരന്മാര്‍ അടക്കമുളളവര്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ തെട്ടുമുമ്പുളള മാസങ്ങളില്‍ മാത്രമാണ് സെലക്ടീവ് വിഷയങ്ങളില്‍​ പ്രതികരണവുമായി എത്താറുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ നഴ്സുമാരുടെ സത്യഗ്രഹ സമരത്തിന് പിന്തുണയുമായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ നടത്തുന്ന സമരം ഡോക്ടര്‍മാരാണ് നടത്തിയിരുന്നതെങ്കില്‍ രണ്ട് ദിവസം കൊണ്ട് തീര്‍ന്നേനെ എന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്രം അനുഭവിക്കുന്നവരുടെ ദാരിദ്രം വിറ്റ് കാശാക്കുന്നവരും, നഴ്സുമാരുടെ വിഷയം ഭംഗിയാക്കി കാണിച്ച് കീശ വീര്‍പ്പിക്കുന്നവരും നഴ്സുമാരുടെ സമരത്തെ അവഗണിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

13 ദിവസമായി സമരം തുടരുന്ന തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് എതിരേറ്റത്. കേരളത്തിലുളള ബംഗാളികള്‍ക്ക് കിട്ടുന്ന ശമ്പളം പോലും വിദ്യാസമ്പന്നരായ നഴ്സുമാര്‍ക്ക് നല്‍കാത്തത് ദൗര്‍ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമരഫണ്ടിലേക്ക് 25000 രൂപ സംഭാവനയും നല്‍കി ഒരു പാട്ടും പാടിയ ശേഷമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മടക്കം. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ