പാലക്കാട്: ജാതീയ വിവേചനത്തിന്റേയും വികസനം ഇല്ലായ്മയുടേയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാനാണ് എത്തിയതെന്നും ഭാവിയിലും സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

“അവിടുത്തെ ജനങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു…ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു.. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാൻ പറ്റിയില്ല… കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികള്‍ക്കായി ബുക്കുകളും ഫീസ് നല്‍കാന്‍ വേണ്ട സഹായവും നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. “കുട്ടികളെ പഠിപ്പിക്കാന്‍ സ്പോന്‍സര്‍മാരെ കണ്ടെത്താമെന്ന് വാക്കു കൊടുത്തു. കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതൽ സഹായങ്ങളുമായ് ചെല്ലുവാൻ ആലോചിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

“അറുന്നൂറോളം ആളുകള്‍ക്ക് കുറച്ച് സഹായം ചെയ്യാമെന്ന് കരുതിയാണ് വന്നത്. എന്റെ അമ്മ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഒരു സ്ഥലത്ത് അന്ധകാരം ഉണ്ടെങ്കില്‍ അത് ആരുണ്ടാക്കി, അത് എങ്ങനെ വന്നു, അതിന്റെ ബുദ്ധിമുട്ട് എന്താണ് എന്നൊക്കെ ചിന്തിക്കാതെ അവിടെ ഒരു മെഴുകുതിരി എങ്കിലും കത്തിച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും വെളിച്ചമാകുമെന്ന്”, സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ അട്ടപ്പാടി മേഖലയില്‍ ഓണം സീസണില്‍ കുറച്ചു കുടുംബങ്ങള്‍ അരിയും ഭക്ഷണ സാധനങ്ങളും നേരിട്ടെത്തി നല്‍കി പണ്ഡിറ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ ലഭിച്ച പ്രതിഫലത്തിന്റെ പാതി ഭാഗവും അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ പ്രതിഫലവും കൊണ്ടാണ് അദ്ദേഹം കോളനിയിലെ പാവപ്പെട്ടവരെ സഹായിച്ചതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ