കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ പ്രതിഷേധക്കാരെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ചയാണ് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവനയെ പിന്നീട് പരിഹാസത്തോടെയാണ് സാമുഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പരിഹാസത്തിനുമപ്പുറം ‘ശതം സമര്‍പ്പയാമി’ ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചിരുന്നു.

സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചില വിരുതന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചിട്ടുണ്ട്. ട്രോളന്‍മാര്‍ ഏറ്റെടുത്ത പല പോസ്റ്ററുകളും തെറ്റിദ്ധരിച്ചവര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് അത്ഭുത പൂര്‍വമായ പണം ദുരിതാശ്വാസ നിധിയില്‍ എത്തി ചേര്‍ന്നത് തെളിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ലക്ഷങ്ങളാണ് എത്തിയത്. ഇതിനെതിരെ കര്‍മസമിതിയും രംഗത്തെത്തിയിരുന്നു.

ഇതിനിടയിലാണ് കര്‍മസമിതിക്കായി താനും സംഭാവന ചെയ്തതായി അറിയിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന ചെയ്തത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്. ‘ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)’, സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. പണം അടച്ചതിന്റെ റസീപ്റ്റും സന്തോഷ് പണ്ഡിറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.