scorecardresearch
Latest News

ലൈഫ് മിഷന്‍ കോഴ കേസില്‍ സന്തോഷ് ഈപ്പന് ജാമ്യം

ഈ മാസം 20 നാണ് സന്തോഷ് ഈപ്പന്‍ അറസ്റ്റിലായത്.

santosh eapan, ie malayalam

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ യുണീടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന സന്തോഷ് ഈപ്പന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഈ മാസം 20 നാണ്
സന്തോഷ് ഈപ്പന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു ഇ ഡി അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായി ഏഴാം ദിവസമാണ് ജാമ്യം ലഭിച്ച് സന്തോഷ് ഈപ്പന്‍ പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് പത്ത് തവണ ഇ ഡിക്ക് മുന്നിലും ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ കോടതിയെ ബോധിപ്പിച്ചു. വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള ലൈഫ് മിഷന്‍ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇ ഡി കേസെടുത്തത്. പി.എസ്.സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം.ശിവശങ്കര്‍ ഒമ്പതാം പ്രതിയാണ്. കേസില്‍ ശിവശങ്കറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സന്തോഷ് ഈപ്പന്‍ ആറ് കോടി രൂപ കോഴയായി നല്‍കിയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. കേസില്‍ എം.ശിവശങ്കറിനെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ മുമ്പ് ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Santhosh eapen granted bail life mission case