കൊച്ചി: വടക്കന്‍ പറവൂരിലെ ശാന്തിവനത്തില്‍ നടക്കുന്ന വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിര്‍മാണം തടയണമെന്നും ലൈന്‍ വഴി മാറ്റിവിടണമെന്നും ആവശ്യപ്പെട്ട് ശാന്തിവനം കാവിന്റെ ഉടമ മീന മോനോന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ച് വിശദീകരണം തേടിയിട്ടുണ്ട്.  ശാന്തിവനത്തിലൂടെ കെഎസ്ഇബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള  ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, ആലുവ റൂറല്‍ എസ്‌പി തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read More: ശാന്തിവനത്തിലൂടെയുള്ള അലൈന്‍മെന്റ് മാറ്റില്ലെന്ന് കെ.എസ്.ഇ.ബി

ടവറിന്റെ ഉയരം 13 മീറ്ററായി ഉയര്‍ത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടവറിന്റെ നിര്‍മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീന മേനോന്‍ കോടതിയെ സമീപിച്ചത്. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read More Kerala News

ശാന്തിവനത്തിലൂടെയുള്ള അലെയ്ൻമെന്റ് മാറ്റില്ലെന്ന് കെഎസ്ഇബിയും വൈദ്യുതി വകുപ്പ് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർമാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്. വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ച പ്രൊജക്ടാണിതെന്നും കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോൾ പരിസ്ഥിതി പ്രവർത്തകർക്ക് എതിർപ്പ് അറിയിക്കാമായിരുന്നു എന്നും വൈദ്യുതി മന്ത്രിയും നേരത്തെ പ്രതികരിച്ചിരുന്നു. ഹൈക്കോടതി വിധിയാണ് നടപ്പിലാക്കുന്നതെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അത് എതിർക്കില്ലെന്നും അലെയ്ൻമെന്റ് തിരുത്തിയാൽ കോടികളുടെ നാശനഷ്ടമുണ്ടാകുമെന്നുമാണ് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയത്. നേരത്തെ ഹൈക്കോടതിയുടെ  സിംഗിള്‍ ബഞ്ച് തന്നെയാണ് കെഎസ്ഇബിയുടെ പദ്ധതി ശാന്തി വനത്തിലൂടെ കടന്നു പോകുന്നതിന് അനുമതി നല്‍കിയിരുന്നത്.

ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന കെഎസ്ഇബിയുടെ വൈദ്യുത ടവര്‍ നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.

മന്നം മുതൽ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനാണ് പറവൂർ ശാന്തിവനത്തിലൂടെ ടവർ നിർമ്മിച്ച് വൈദ്യുതി ലൈൻ സ്ഥാപിക്കാൻ കെഎസ്ഇബി പണികൾ ആരംഭിച്ചത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തിൽ നിന്നും അമ്പതോളം മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതേ തുടർന്ന് നടപടികൾ വിവാദത്തിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രളയത്തിൽ നിന്ന് പാഠം പഠിക്കാതെയാണ് ഇത്തരം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു മുഖ്യ വിമർശനം. ശാന്തിവനത്തിലൂടെയല്ലാതെയും ലൈൻ വലിക്കാമെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.