തിരുവനന്തപുരം: വടക്കൻ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്നു സർക്കാർ. കോടിക്കണക്കിനു രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽനിന്നു പിൻമാറാൻ കഴിയില്ലെന്നു വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പിൻമാറിയാൽ എന്തിനു പണി നിർത്തിയെന്ന് ജനം ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവർ നിർമ്മാണത്തിന് വേണ്ടി ശാന്തിവനത്തിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചിരുന്നു.
കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകൾ മീന മേനോന്റെ എറണാകുളം വടക്കൻ പറവൂരിലെ രണ്ടേക്കർ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. മന്നത്തുനിന്നു ചെറായിലേയ്ക്കുള്ള കഐസ്ഇബി യുടെ 110 കെവി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്. മൂന്നു വലിയ സർപ്പക്കാവുകളും മൂന്നു കുളങ്ങളും ഒരു കുടുംബ ക്ഷേത്രാരാധനാസ്ഥലവും ഉള്ള ഈ ജൈവവൈവിധ്യ കലവറയാണു ശാന്തിവനം.