എറണാകുളം: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്ന് കെ.എസ്.ഇ.ബി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വൈദ്യുത ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടരാന്‍ തീരുമാനമെടുത്തത്.
ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുത ടവര്‍ നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വൈദ്യുതി ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ജോലികള്‍ പുനരാരംഭിക്കുന്ന പക്ഷം അക്രമരഹിതമായ പ്രതിഷേധത്തിലൂടെ ശാന്തിവനത്തിനായി തെരുവിലിറങ്ങാനാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
Read More: പ്രകൃതിയെ അടുത്തറിഞ്ഞുള്ള ജീവിതം മനസ്സിന് ഉന്മേഷം പകരുമെന്ന് പഠനം
ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ജോലി നിർത്തിവച്ചത് അനാവശ്യമായി എന്നായിരുന്നു മന്ത്രി ഇന്നലെ പ്രതികരിച്ചത്. നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും പദ്ധതിക്കായി കോടികൾ ചെലവഴിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്നം മുതൽ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വെെദ്യുതി ക്ഷാമം പരിഹരിക്കാനാണ് പറവൂർ ശാന്തിവനത്തിലൂടെ ടവർ നിർമ്മിച്ച് വൈദ്യുതി ലൈൻ സ്ഥാപിക്കാൻ കെഎസ്ഇബി പണികൾ ആരംഭിച്ചത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തിൽ നിന്നും അമ്പതോളം മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതേ തുടർന്ന് നടപടികൾ വിവാദത്തിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രളയത്തിൽ നിന്ന് പാഠം പഠിക്കാതെയാണ് ഇത്തരം നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു മുഖ്യ വിമർശനം. ശാന്തിവനത്തിലൂടെയല്ലാതെയും ലെെൻ വലിക്കാമെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിച്ചു.
പ്രതിഷേധം കനത്തതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ, കെ.എസ്.ഇ.ബിയും വെെദ്യുതി മന്ത്രിയും നിലപാട് വ്യക്തമാക്കിയതോടെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടരാനാണ് സാധ്യത.