മുംബൈ: ശാന്തന്‍പാറ കൊലപാതക കേസില്‍ പൊലീസ് തിരയുന്ന വസീമിനേയും ലിജിയേയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഹോട്ടലിലാണ് ഇരുവരേയും കണ്ടെത്തിയത്. കേസിലെ പ്രതിയാണ് വസീം. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യയാണ് ലിജി. മഹാരാഷ്ട്ര പൊലീസാണ് ഇരുവരേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിവരം കേരള പൊലീസിനെ അറിയിച്ചത്.

അതീവ ഗുരുതരാവസ്ഥയിലുള്ള വസീമിനേയും ലിജിയേയും പന്‍വേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചു.

കേസില്‍ വസീമിന്റെ സഹോദരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും കേസ് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനും സഹോദരന്‍ ഫഹദ് സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്.

Read More: ശാന്തന്‍പാറ കൊലപാതകം: റിജോഷിനെ കൊന്നത് താനാണെന്ന് വസിം

ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷാണ് കൊല്ലപ്പെട്ടത്. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് കൊല നടത്തിയതെന്ന വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തു വന്നിരുന്നു. മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നുമായിരുന്നു വസീം പറഞ്ഞിരുന്നത്.

കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതാകുന്നത്. പിന്നാലെ നാലാം തിയ്യതി മുതല്‍ വസീമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതികത്തിച്ച ശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.