മുംബൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തൻപാറ കൊലപാതക കേസിലെ പ്രതി വസീമിന്റെയും ലിജിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. പൊലീസ് തിരയുന്ന വസീമിനെയും ലിജിയെയും  ഇന്നലെയാണ് മുംബൈയിലെ ഹോട്ടലിൽ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരൊടൊപ്പമുണ്ടായിരുന്ന ലിജിയുടെയും റിജോഷിന്റെയും മകൾ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിലായിരുന്നു. കുട്ടിയെ മുംബൈയിൽ തന്നെ സംസ്കരിക്കാനാണ് തീരുമാനം. റിജോഷിന്റെ ബന്ധുക്കൾ ഉടൻ മുംബൈയിലെത്തും.

മഹാരാഷ്ട്ര പൊലീസാണ് ഇരുവരേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിവരം കേരള പൊലീസിനെ അറിയിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള വസീമിനെയും ലിജിയെയും പന്‍വേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ശാന്തന്‍പാറ കൊലപാതകം: വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി, ലിജിയുടെ മകള്‍ മരിച്ചു

ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷാണ് കൊല്ലപ്പെട്ടത്. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് കൊല നടത്തിയതെന്ന വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നിരുന്നു. മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നുമായിരുന്നു വസീം പറഞ്ഞിരുന്നത്.

കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതാകുന്നത്. പിന്നാലെ നാലാം തിയ്യതി മുതല്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിച്ചശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കേസില്‍ വസീമിന്റെ സഹോദരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും കേസ് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനും സഹോദരന്‍ ഫഹദ് സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.