തിരുവനന്തപുരം: സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ എന്ന ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. മേളയിൽ എസ് ദുർഗയുടെ പ്രത്യേക പ്രദർശനം നടത്താൻ തീരുമാനിച്ചതായി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ പ്രതിരോധത്തിന് വേണ്ടിയാണ് എസ് ദുർഗ മേളയിൽ പ്രദർശിപ്പിക്കുന്നതെന്ന് കമൽ പ്രതികരിച്ചു. സനൽകുമാർ ശശിധരനുമായി ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയെന്നും അദ്ദേഹം സമ്മതം നൽകിയെന്നും കമൽ പറഞ്ഞു.
ഇതിനിടെ ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ എസ് ദുർഗയുടെ പ്രദർശനം വൈകുകയാണ്. തിങ്കളാഴ്ച ചേർന്ന ജൂറി യോഗത്തിലും ഇതു സംബന്ധിച്ചു തീരുമാനമായില്ല. ജൂറി അംഗങ്ങൾ വീണ്ടും സിനിമ കണ്ടിരുന്നു. ഇതിനുശേഷം ജൂറിയുടെ തീരുമാനം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചു. മന്ത്രാലയം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അതിനു ശേഷം ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നും ജൂറി ചെയർമാൻ രാഹുൽ റാവലിന്റെ വിശദീകരണം.