തിരുവനന്തപുരം: ശുചിത്വ-മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് വരുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.
ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഘടകങ്ങളെ വിലയിരുത്തിയാകും ഗ്രേഡിങ്ങെന്നു തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു.
ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ-അജൈവ മാലിന്യത്തിന്റെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം, മാലിന്യസംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും പരിശോധിക്കും.
പരിശോധനാ സംഘങ്ങള്‍ അതത് തദ്ദേശഭരണ സ്ഥാപനം നേരിട്ട് സന്ദര്‍ശിച്ചാകും മാർക്ക് നല്‍കുക. ഇവര്‍ക്ക് ഇതിനായി കില മുഖേന പരിശീലനം നല്‍കും. 70 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ഗ്രീന്‍ കാറ്റഗറിയും 70 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലുള്ളവര്‍ക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും നല്‍കും.
50 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവര്‍ക്കു സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നല്‍കും. 20 ശതമാനത്തില്‍ താഴെ നേടിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നല്‍കുക.
ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തില്‍ ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ കണ്‍വീനറും ഹരിതകേരള മിഷന് കോര്‍ഡിനേറ്റര്‍ കോര്‍ഡിനേറ്ററുമായ സമിതികളാണു പരിശോധിക്കുക. കലക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിങ് സമിതിയുടെ അധ്യക്ഷന്‍.
സംസ്ഥാന തലത്തിലെ സൂപ്പര്‍ ചെക്കിങ് ടീമിന്റെ ചെയര്മാന് തദ്ദേശഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറാണ്. തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷയും നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ കോ ചെയര്‍പേഴ്സണുമായ സംസ്ഥാനതല ശുചിത്വ ഗ്രേഡിങ് സമിതിയും പ്രവര്‍ത്തിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിങ് വഴി, ഓരോ പ്രദേശത്തിന്റെയും പോരായ്മയും മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.