പൗരത്വ ഭേദഗതി നിയമത്തിനെതിരായി തെരുവിലിറങ്ങുന്ന സിനിമാ പ്രവർത്തകർക്ക് ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ ‘പൊളിറ്റിക്കൽ വെണ്ടേറ്റ’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നും സന്ദീപ് വാര്യർ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്.

Sandeep G Varier

കഴിഞ്ഞദിവസം കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലെത്തി.

രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ.എസ് മാധവൻ, സംവിധായകൻ കമൽ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

പരിപാടിയിൽ പങ്കെടുത്ത നടി റിമ കല്ലിങ്കൽ പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ കണ്ട് നമ്മള്‍ എത്രനാള്‍ മിണ്ടാതിരിക്കുമെന്ന് റിമ ചോദിച്ചു. കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത് ക്യാംപസുകളില്‍ നിന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. എത്രനാള്‍ നമ്മള്‍ മിണ്ടാതിരിക്കും? പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ കമല്‍ സംസാരിച്ചത്. “എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. അതെ, ഞങ്ങള്‍ക്ക് നരേന്ദ്ര മോദിയോട് വെറുപ്പാണ്. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളെ വെറുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ജനാധിപത്യ-മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെയൊരു പ്രത്യയശാസ്ത്രവുമായി നടക്കുന്ന പ്രധാനമന്ത്രിയെ വെറുക്കാതിരിക്കാന്‍ കഴിയില്ല എന്നുതന്നെയാണ് പറയാനുള്ളത്,” കമല്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും സമരം ചെയ്തുകൊണ്ടിരിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ​ പ്രകടനങ്ങളോട് ഐക്യദാർഢ്യം പ്രടിപ്പിച്ചെത്തിയ നടി നിമിഷ സജയൻ സര്‍ക്കാരിനു ശ്രദ്ധിക്കാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നല്‍കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സര്‍ക്കാര്‍ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചശേഷം തന്നെയാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.