തിരുവനന്തപുരം: സനല്‍കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.

ഇപ്പോള്‍ അന്വേഷണം നടത്തുന്ന സംഘവുമായി സഹകരിക്കില്ലെന്നും വിജി അറിയിച്ചു. അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വീട്ടില്‍ വന്നിരുന്നുവെങ്കിലും മൊഴിയെടുക്കാതെ മടങ്ങിയെന്നും വിജി ആരോപിച്ചു.

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചന. മൂന്നാറിനടുത്ത് കേരള-തമിഴ്‌നാട് അതിര്‍ത്തിക്കു സമീപം ഇയാള്‍ ഉള്ളതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ.എം.ആന്റണി സ്ഥലത്തെത്തിയതായും സൂചനയുണ്ട്.

ഇയാളുടെ ബന്ധുക്കളുടെയും മറ്റും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘത്തിന് ഇവര്‍ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചത്. അതേസമയം, ഇയാള്‍ അവിടെനിന്നു രക്ഷപ്പെട്ട് കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശനിയാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

അതേസമയം, സനല്‍കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ പൊലീസ് ശുപാര്‍ശ. സനലിന്റെ കുടുംബം നല്‍കിയ അപേക്ഷയിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജോലിക്കായി ശുപാര്‍ശ ചെയ്തത്. കേസിലെ പ്രതിയായ ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം അറിയിച്ചു. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം 14 ലേക്കു മാറ്റിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ