തിരുവനന്തപുരം: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഡിവൈഎസ്‌പി റോഡിലേക്ക് പിടിച്ച് തള്ളിയ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ‌്‌ച സംഭവിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. അപകടത്തിൽ പരുക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്നതിന് ശേഷമാണ് സനലിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായത്. കൂടാതെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

പരുക്ക് ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നേരെ പോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. സനലിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി കഴിഞ്ഞതിനാല്‍ ഇയാളെ സ്റ്റേഷനില്‍ ഇറക്കി മറ്റൊരാളെ കയറ്റാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്‌ക്കിടെ പാപ്പനംകോട് ഭാഗത്ത് വച്ചാണ് സനൽ മരിക്കുന്നത്. വിലപ്പെട്ട സമയത്ത് പൊലീസ് ഇപ്രകാരം അനാസ്ഥ കാണിച്ചത് കുറ്റകരമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടവിവരം നെയ്യാറ്റിന്‍കര എസ്ഐയെ വിളിച്ച് അറിയിച്ചത് ഡിവൈഎസ്പി തന്നെയാണ്. അപകടസ്ഥലത്ത് എത്തിയത് എസ്ഐയും ഒരു പാറാവുകാരനും മാത്രം. ഇവര്‍ ഇവിടെ എത്തുമ്പോള്‍ സനലിന് ജീവനുണ്ടായിരുന്നു. സനല്‍ അപ്പോള്‍ എസ്ഐയോട് സംസാരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.