തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതക്കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ മരിച്ചതിന് പിന്നാലെ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. ഹരികുമാറിന്റെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശുമാണ് കീഴടങ്ങിയത്. ഇവര്‍ക്കൊപ്പമാണ് ഡിവൈഎസ്പി ഒളിവില്‍ പോയിരുന്നത്. ഹരികുമാറിന് മേൽ കീഴടങ്ങാനുള്ള സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇയാൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ രതീഷും കേസിലെ രണ്ടാം പ്രതി ബിനുവിന്റെ മകനും ഇന്നലെ അറസ്റ്റിലായിരുന്നു.

ഹരികുമാറിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങൾ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈ.എസ്.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ ഹരികുമാർ കല്ലമ്പലത്തെ വീട്ടിലെത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിയ്ക്കെതിരെ അന്വേഷണം ശക്തമായി തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഹരികുമാർ കീഴടങ്ങാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് കേസിലെ രണ്ടാംപ്രതിയും ഹരികുമാറിന്റെ സുഹൃത്തുമായ ബിനുവിന്റെ വീട്ടിൽ ഇവരെത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.

സംഭവശേഷം കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുമ്പോൾ ഉപയോഗിച്ച കാർ അവിടെ ഉപേക്ഷിച്ചശേഷം അവിടെ നിന്ന്അംബാസിഡർ കാറിൽ രക്ഷപ്പെട്ടതായാണ് വിവരം. ഇതേതുടർന്ന് ഹരികുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കാണപ്പെട്ട വിവരം പുറത്തറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.