നെയ്യാറ്റിന്‍കര: സനല്‍ കുമാറിന്റെ കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താനാകാതെ പൊലീസ്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഹരികുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന സൂചനയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഹരികുമാറിനു പകരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയായി എസ്. സുരേഷ്കുമാറിനെ നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ഡിവൈ.എസ്.പിയാണു സുരേഷ്കുമാര്‍. ഹരികുമാറിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ പോലീസ് ആസ്ഥാനത്തുനിന്നു നിര്‍ദേശിച്ചിട്ടുണ്ട്. സംഭവശേഷം ഹരികുമാറിന്റെ മൊബൈല്‍ ഫോണുമായി ചിലര്‍ തമിഴ്നാട്ടിലേക്കു പോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഇയാള്‍ മധുരയിലേക്കു രക്ഷപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.
ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. കേസിലെ പ്രധാനസാക്ഷിയെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണു നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചേങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍കുമാര്‍ വാഹനമിടിച്ചു മരിച്ചത്. സമീപത്തെ വീട്ടില്‍നിന്നു പുറത്തുവന്ന ഡിവൈ.എസ്.പി: ഹരികുമാര്‍, സനലിനെ മര്‍ദിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണു കേസ്. സംഭവത്തിനു ദൃക്സാക്ഷിയായ, സമീപത്തെ കടയുടമ കണ്ട കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞിരുന്നു.
അതിനുശേഷമാണ് അദ്ദേഹത്തിനുനേരേ ഭീഷണിയുയര്‍ന്നത്. ഹരികുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതിനു മുമ്പ് തിരുവനന്തപുരത്തെയോ നാഗര്‍കോവിലിലെയോ കോടതിയില്‍ കീഴടങ്ങാന്‍ നീക്കമുള്ളതായാണു സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ക്രൈംബ്രാഞ്ചിന്റെ 14 അംഗസംഘമാണു ഹരികുമാറിനെ തിരയുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുണ്ടെങ്കിലും ഇയാളെ എങ്ങനെയും അറസ്റ്റ് ചെയ്യുമെന്ന് എസ്.പി: കെ.എം. ആന്റണി പറഞ്ഞു.