തിരുവനന്തപുരം: കൊലക്കേസ് പ്രതി ഡിവൈഎസ്പി ബി.ഹരികുമാറിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര സ്വദേശി എസ്.സനലിനെ വാഹനത്തിനു മുന്നിൽ പിടിച്ചുതളളി കൊലപ്പെടുത്തി എന്ന കേസിലെ പ്രതിയാണ് ഹരികുമാർ.
സനലിന്റെ മരണത്തിനുപിന്നാലെ ഡിവൈഎസ്പി ഒളിവിലായിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപേ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്വേഷണ ചുമതലയുളള ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഹരികുമാറിനെ വീട്ടിൽ തന്നെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് പിടിച്ച് തളളിയപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചായിരുന്നു സനൽ മരിച്ചത്. സനൽകുമാറിനെ ഡിവൈഎസ്പി ഹരികുമാർ മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തലെന്നാണ് റിപ്പോർട്ട്. സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവശേഷം കീഴടങ്ങാതിരുന്നതും ഒളിവിൽ കഴിയുന്നതും മനഃപൂര്‍വം നടത്തിയ കുറ്റകൃത്യത്തിന്റെ തെളിവാണെന്നും ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയതായാണ് റിപ്പോർട്ട്.
സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്നതിന് ശേഷമാണ് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറായത്. കൂടാതെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
പരുക്ക് ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് നേരെ പോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. സനലിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി കഴിഞ്ഞതിനാല്‍ ഇയാളെ സ്റ്റേഷനില്‍ ഇറക്കി മറ്റൊരാളെ കയറ്റാനായിരുന്നു സ്റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടെ പാപ്പനംകോട് ഭാഗത്ത് വച്ചാണ് സനല്‍ മരിക്കുന്നത്.