കാസര്‍ഗോഡ്: നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാന അന്വേഷണത്തില്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ല. പാണത്തൂരിലെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെ വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് നിന്ന് കാണാതായത്. സമീപത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന ധാരണയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കുട്ടി വെള്ളത്തില്‍ ഒഴുകിപ്പോയതാകാം എന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ സോഷ്യല്‍മീഡിയാ സൈറ്റുകളായ ഫെയ്സ്ബുക്ക് വഴിവയും വാട്ട്സ്ആപ് വഴിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയെ തിരിച്ചു കിട്ടിയെന്ന വ്യാജ വാര്‍ത്ത വാട്ട്സ്ആപിലും ഫെയ്സ്ബുക്കിലും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.വാര്‍ത്ത കണ്ണില്‍ കണ്ടവര്‍ യാതൊരു സ്ഥിരീകരണവും കൂടാതെ തന്നെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇത് കുട്ടിയുടെ കുടുംബത്തിന്റെ മനസിക സംഘര്‍ഷത്തിന് ആക്കം കൂട്ടാനാണ് കാരണമായത്. കൂടാതെ അന്വേഷണസംഘത്തേയും ഇത് കുഴക്കി. കൂടാതെ സമീപ പ്രദേശത്ത് നിന്നും ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചതായി സനയുടെ ബന്ധു പറഞ്ഞു. ഇത്തരത്തിലുളള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഇവര്‍ അപേക്ഷിച്ചു.

അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് കൊണ്ട് തന്നെ പ്രത്യേക അന്വേഷണസംഘത്തെ കേസ് ഏല്‍പ്പിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് സിഐ സുനില്‍ കുമാറിനാണ് അന്വേഷണചുമതല. കാണാതായി അഞ്ചു ദിവസം കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രത്യേകഅന്വേഷണസംഘത്തെ നിയോഗിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ