കാസർകോട്: കാസര്‍കോട് കാണാതായ മൂന്നു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ പുഴയിൽ നിന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാണത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ ബാപ്പുകയത്തെ ഇബ്രാഹിമിന്റെ മകളാണ് സന.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കാണാതായത്. വീടിനു തൊട്ടടുത്തായുള്ള അങ്കണവാടിയിൽ നിന്നു കുട്ടിയെ ഉമ്മ ഹഫീന കൂട്ടിക്കൊണ്ടുവന്നതായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന ധാരണയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ദിവസങ്ങളായി കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് കിലോമീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് കൊണ്ട് തന്നെ പ്രത്യേക അന്വേഷണസംഘത്തെ കേസ് ഏല്‍പ്പിച്ചിരുന്നു. വെള്ളരിക്കുണ്ട് സിഐ സുനില്‍ കുമാറിനായിരുന്നു അന്വേഷണചുമതല. ഇന്ന് രാവിലെ നാട്ടുകാര്‍ വീണ്ടും തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ