തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പഠനസമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാക്കണമെന്ന ഡോ. എം എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പ്രതിഷേധവുമായി സമസ്ത. ഇത്തരത്തില്‍ പഠനസമയം ക്രമീകരിച്ചാല്‍ വിദ്യാര്‍ഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്തം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനാണ് സമസ്തയുടെ തീരുമാനം. കമ്മിറ്റിയുടെ ശുപാര്‍ശ തള്ളിക്കളയണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്. കേരള വിദ്യാഭ്യസ ചട്ടമനുസരിച്ച് സ്കൂള്‍ സമയം രാവിലെ 10 മണിക്കും മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പഠനം പത്തരയ്ക്കുമാണ് അരംഭിക്കുന്നത്.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 2007 ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്കൂള്‍ സമയ നിര്‍ദേശത്തിലെ സമയമാറ്റം എതിര്‍പ്പ് മൂലം അന്നത്തെ സര്‍ക്കാര്‍ പിന്‍വലിച്ചതാണെന്നും സമസ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്നാണ് സ്കൂള്‍ പഠനസമയമാറ്റം. അഞ്ച് മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ നാലുവരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ-കായിക പരിശീലനത്തിനുമായി ഉപയോഗിക്കാമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
നാലര വര്‍ഷമായി കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഈ മാസം 30 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. സ്കൂള്‍ സമയമാറ്റം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.