കോഴിക്കോട്: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചെന്ന വിവാദത്തിൽ ന്യായീകരണവുമായി സമസ്‌ത. കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് വേദിയിലേക്ക് വരുന്നതിലുണ്ടായ മാനസിക പ്രയാസം മനസിലാക്കിയാണ് എം.ടി അബ്ദുൽ മുസ്‌ലിയാർ പ്രതികരിച്ചതെന്നും സമസ്‌ത കേരള ജംഈയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“വേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമല്ലോ. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. ഇനി മറ്റുള്ള കുട്ടികളേയും ഇവിടേക്ക് വിളിച്ചു വരുത്തിയാൽ അവർക്ക് പ്രയാസം വരുമോ എന്ന് തോന്നിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാൻ പറ്റിയ ഒരാളോട് ഇനി വിളിക്കരുത് എന്ന് പറഞ്ഞത്. അല്ലാതെ കുട്ടിയെ അപമാനിക്കാൻ വേണ്ടിയല്ല.” അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കോ കുടുംബത്തിനോ അവിടത്തെ നാട്ടുകാർക്കോ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും ബാലാവകാശ കമ്മിഷൻ കേസെടുത്തത് സ്വാഭാവിക നടപടിയാണെന്നും വിശദീകരണം നൽകുമെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്ത എന്തോ ഭീകര പ്രവർത്തനം നടത്തി, സമസ്തയുടെ ഉന്നത നേതാവ് മോശമായ നിലക്ക് സംസാരിച്ചു എന്നുള്ള നിലക്കാണ് വാർത്തകൾ വന്നത്. സമസ്തക്കെതിരെ പറയാൻ പറ്റുന്നതെല്ലാം പറഞ്ഞു. യാഥാർഥ്യം മനസിലാക്കിത്തരാനാണ് ഇപ്പോൾ ഇത് സംസാരിക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിക നിയമങ്ങൾ അറിയുമോയെന്ന് അറിയില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ ക്ഷുഭിതനായി പ്രതികരിച്ച സമസ്‌ത നേതാവ് അബ്ദുല്ല മുസ്‌ലിയാരുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു വിവാദങ്ങൾക്ക് തുടക്കം. മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിനെതിരെയാണ് അബ്ദുള്ള മുസ്‌ലിയാർ ക്ഷോഭത്തോടെ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്.
Also Read: ഷഹാനയുടെ മരണം: ഭർത്താവ് സജ്ജാദ് ലഹരിമരുന്ന് വ്യാപാരിയെന്ന് പൊലീസ്; വീട്ടിൽ തെളിവെടുപ്പ് നടത്തി