പത്തനംതിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10 മുതല്‍ 11.45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നടന്നത്. രാത്രി 10 ന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. തുടര്‍ന്ന് 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ശബരിമല നട തുറക്കുക.

ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി ശബരിമലയില്‍ ഇന്നലെ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നിരുന്നു. ശരം കുത്തിയില്‍നിന്ന് തങ്ക അങ്കിയെ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക്. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയ തങ്ക അങ്കി, തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീകോവിലില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

28, 29 തീയതികളില്‍ ദര്‍ശനം ഇല്ല. മകരവിളക്ക് മഹോത്സവത്തിനായി മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മകരവിളക്ക് തീർഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് 5 ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.

20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടി പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർഥാടകർക്കു ദർശനമുള്ളൂ. 21നു രാവിലെ ഏഴിനു നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.