കൊച്ചി: മാധവിക്കുട്ടിയുടെ ജീവചരിത്രമായ ‘പ്രണയത്തിന്‍റെ രാജകുമാരി’ പിൻവലിക്കണമെന്ന് കാണിച്ച് മുസ്‌ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി പ്രസാധകർക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗ്രീൻ ബുക്സ് പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ തന്നെയും മാധവിക്കുട്ടിയേയും അപമാനിച്ചു എന്ന് കാണിച്ചാണ് സമദാനി വക്കീല്‍ നോട്ടീസ് അയച്ചത്. ബിജെപി നേതാവ് അഡ്വ. പി. ശ്രീധരന്‍പിള്ള മുഖേനെയാണ് നോട്ടീസയച്ചത്. ഒരാഴ്ചക്കകം പുസ്തകം പിന്‍വലിക്കണമെന്നാണ് ആവശ്യം.

പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെടുന്നുണ്ട്. കമലാ സുരയ്യയുടെ സുഹൃത്തും കനേഡിയൻ എഴുത്തുകാരിയുമായ മെർലി വെയ്സ്ബോർഡ് എഴുതിയ ലവ്​ ക്വീൻ ഓഫ്​ മലബാർ എന്ന പുസ്​തകത്തി​ന്റെ പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.

Read More: ‘ആമിയാകുന്നത് എന്റെ രാഷ്ട്രീയ പ്രഖ്യാപനമല്ല’; തന്നെ മുന്‍നിര്‍ത്തി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മഞ്ജു വാര്യര്‍

തങ്ങളെ രണ്ട് പേരേയും കുറിച്ചുള്ള അപവാദങ്ങള്‍ മരണത്തിന് മുമ്പ് മാധവിക്കുട്ടി തന്നെ നിഷേധിച്ച് രംഗത്തെത്തിയതാണ്. തനിക്ക് അയച്ച കത്തുകളില്‍ അമ്മ എന്നാണ് അവര്‍ സംബോധന ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പുസ്തകം വിറ്റു പോവാന്‍ വേണ്ടി മാത്രമുള്ളതാണെന്നും സമദാനി പറയുന്നു.

മുസ്‌ലിം ലീഗിലെ സാദിഖ് അലി എന്നു പേരുള്ള എംപിയെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ പറയുന്ന സാദിഖലി താന്‍ അല്ല. അവരുടെ മതം മാറ്റത്തില്‍ തനിക്കൊരു പങ്കുമില്ല. മാധവിക്കുട്ടി മരിച്ച് ഇത്രയും കാലം കഴിഞ്ഞുള്ള പ്രചരണം ആ പ്രതിഭയെ അവഹേളിക്കാന്‍ മാത്രമേ വഴിയൊരുക്കുകയുള്ളുവെന്നും സമദാനി പറഞ്ഞു.

2010 ലാണ് മെറിൽ വെയിസ്‌ബോർഡ് എഴുതിയ മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് ജീവചരിത്രമായ ‘ദി ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പേരിൽ മക് ഗിൽ ക്വീൻസ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചത്. ഇതിന്‍റെ മലയാളം പതിപ്പ് പ്രസിദ്ധീകരിച്ച ഗ്രീൻ ബുക്സിനെതിരെയാണ് സമദാനി പരാതി നല്‍കിയത്. നോട്ടീസ് കൈപറ്റി ഒരാഴ്ച്ചക്കകം നോട്ടീസില്‍ ആവശ്യപ്പെട്ട നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

വക്കീല്‍ നോട്ടീസിന്റെ പൂര്‍ണരൂപം, 

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ