scorecardresearch
Latest News

കാസര്‍ഗോട്ടെ ഷവര്‍മ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്

ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി

Food poisoning, Shawarma, Kasargod
ഫയൽ ചിത്രം

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍നിന്നു ശേഖരിച്ച ഷവര്‍മ സാമ്പിളില്‍ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യമാണു സ്ഥിരീകരിച്ചത്.

സ്ഥാപനത്തില്‍നിന്നു ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടെയും പെപ്പര്‍ പൗഡറിന്റെയും പരിശോധനാഫലമാണ് പുറത്തുവന്നത്. ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 349 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

Also Read: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് യുവതി തെറിച്ചുവീണു

ആറ് ദിവസങ്ങളിലായി സംസ്ഥാനത്ത് 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ 6035 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി അഞ്ച് സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. ആറ് പേര്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Salmonella and shigella bacteria found in shawarma sample veena george