ഒരു സിനിമയില്‍ സലീം കുമാറിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്, ‘എന്റെ ചോദ്യം ഇതാണ്, ആരാണ് ഞാന്‍?’ എന്ന്. ഇന്ന് ജീവിതത്തില്‍ സലീം കുമാര്‍ ആ ചോദ്യം ചോദിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു പഞ്ഞവുമില്ലാത്ത വ്യാജ വാര്‍ത്തകളാണ് സലീം കുമാറിനെ കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചിരിക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ജയരാജനുമായി ബന്ധപ്പെട്ട സലീം കുമാറിന്റെതെന്ന തരത്തില്‍ പ്രചരിക്കുന്ന രണ്ട് വ്യാജ പ്രസ്താനവകളാണ് വിഷയം.പരസ്പര വിരുദ്ധമായ രണ്ട് പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒന്നില്‍ സലീം കുമാര്‍ പി ജയരാജനെ പിന്തുണക്കുമ്പോള്‍ മറ്റേതില്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്.

”ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ് ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോക്ഷം ചെയ്യും. എന്റേയും കുടുംബത്തിന്റേയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്. രണ്ട് മൂന്ന് എംപിമാരേയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല” എന്നതാണ് ഒരു പോസ്റ്റ്. സലീം കുമാറിന്റേയും ജയരാജന്റേയും ചിത്രങ്ങളുമുണ്ട്.

Read Also: വടകര പിടിക്കാന്‍ സിപിഎം; പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയാവും

ഇതിന് നേര്‍ വിപരീതമാണ് രണ്ടാമത്തേത്.”ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയരംഗത്ത് ആവശ്യം” എന്നാണ്‌പോസ്റ്റ്.

Read More: ‘മധുരരാജ’യുടെ സാന്നിധ്യത്തിൽ സലിം കുമാറിന് വിവാഹ വാർഷികാഘോഷം, മധുരം പകർന്ന് മമ്മൂട്ടി

രണ്ടു പോസ്റ്റുകളും വൈറലായതോടെയാണ് സലീം കുമാറിന്റെ ശ്രദ്ധയില്‍ പെടുന്നത്. പോസ്റ്റ് കണ്ട് അമ്പരന്ന സലീം കുമാര്‍ ഇതില്‍ ആരാണ് ഞാന്‍ എന്ന് ചോദിച്ചു പോവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.