എറണാകുളം: പ്രളയത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി വീട്ടില്‍ കുടുങ്ങിയ സിനിമാ താരം സലീം കുമാറിനെ രക്ഷപ്പെടുത്തി. പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തേയും കുടുംബത്തേയും ചില നാട്ടുകാരേയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളെ ബന്ധപ്പെട്ടിരുന്നു.

മീന്‍ പിടിക്കുന്ന ബോട്ടിലാണ് സലീം കുമാറിനേയും ബന്ധുക്കളേയും രക്ഷപ്പെടുത്തിയത്. 45ഓളം പേരാണ് സലീം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇവിടെ തുടര്‍ന്നു. കുടിവെള്ളം ഇല്ലാതിരുന്നപ്പോള്‍ മഴവെള്ളം പിടിച്ചാണ് വെള്ളം കുടിച്ചതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് വീട്ടിലേക്ക് വെളളം എത്തിതുടങ്ങിയത്. ഇതോടെ അന്ന് വൈകിട്ട് 3 മണിയോടെ നടൻ വീടുപേക്ഷിച്ച് പോകാൻ തയ്യാറായെങ്കിലും വീടിനു സമീപത്തുളള 35 ഓളം പേർ സഹായം തേടി വീട്ടിലെത്തി. ഇതോടെ നടൻ അവർക്കൊപ്പം വീട്ടിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വെളളം വീടിന്റെ താഴത്തെ നിലയെ പൂർണമായും മുക്കി. വെള്ളിയാഴ്ച്ച രാത്രിയോടെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറി.

വ്യാഴാഴ്ച്ച പ്രളയത്തിൽ അകപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടിയെയും കുടുംബത്തെയും രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാൽ സഹായം അഭ്യർത്ഥിച്ച് ധർമ്മജൻ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും വഞ്ചിയിലാണ് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരത്ത് നടി മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കോൺഗ്രസ് നേതാവ് വി.എം.സുധീരനെയും കുടുംബത്തെയും നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.