കൊച്ചി: കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കത്തോലിക്ക സഭയുടെ തീരുമാനം. കെ.സി.ബി.സി ലേബർ കമീഷ​​​ന്റേയും ഹെൽത്ത് കമീഷ​​​ന്റേയും കാത്തലിക് ഹോസ്​പിറ്റൽ അസോസിയേഷ​​​ന്റേയും ആശുപത്രി ഡയറക്ടർമാരുടെയും സംയുക്​തയോഗമാണ്​ തീരുമാനമെടുത്തത്​.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാന്‍ പതിനൊന്നംഗ സമിതിയെ ചുമതലപ്പെടുത്തി. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നു മുതല്‍ നല്‍കും. അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ്​ ​വേതന വർധന തീരുമാനിച്ചത്​. നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാൻ സംസ്​ഥാന സർക്കാർ രൂപവത്​കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതുമൂലം പുതിയൊരു വേതന സ്​കെയിൽ രൂപപ്പെടുത്താൻ നിശ്ചയിച്ചു.

നഴ്‌സുമാര്‍ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ വിട്ടിരുന്നു. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നഴ്‌സുമാരുടെ സംഘടനയുമായി ചര്‍ച്ച നടത്തിയിരുന്നു.

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാണെന്നും 10 ന് നടക്കുന്ന മന്ത്രിതലയോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാനാണ് നഴ്‌സുമാരുടെ തീരുമാനം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ