കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്‌ക്കുന്ന നടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാം. ശമ്പള ഓർഡിനൻസിന് സ്റ്റേയില്ല. ഓർഡിനൻസ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം പിടിച്ചുവയ്‌ക്കുകയല്ല, തൽക്കാലത്തേക്ക് മാറ്റിവയ്‌ക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പിടിച്ചുവയ്‌ക്കുന്ന ശമ്പളം നിശ്ചിത സമയത്തിനുശേഷം തിരികെ നൽകുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി നടപടി.

Read Also: കോവിഡ്-19: വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം വലിയ തോതിൽ കൂടാൻ സാധ്യത

ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ട്. സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ല. സംസ്ഥാനം കടന്നുപോകുന്നത് കേട്ടുകേള്‍വിയില്ലാത്ത സ്ഥിതിയിലൂടെ ആണെന്നും കോടതി പറഞ്ഞു. ഓർഡിനൻസിനെ ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും കോടതി ഫയലിൽ സ്വീകരിച്ചു.

ഓർഡിനൻസിന്റെ വെളിച്ചത്തിൽ ശമ്പളം മാറ്റിവയ്‌ക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ശമ്പളം പിടിച്ചുവയ്‌ക്കുന്നതിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കാൻ സാധിക്കില്ലെന്നും ആരോടും വിവേചനമില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധി സ്വാഗതാർഹമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റിവയ്‌ക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും ഇങ്ങനെയൊരു വിധി തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ ഓർഡിനൻസിനെതിരെ കോടതിയിൽ പോയവർ എങ്ങനെയൊക്കെ കുത്തിതിരിപ്പ് ഉണ്ടാക്കാം എന്നാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

Read Also: മദ്യം വീട്ടുപടിക്കലെത്തും; ഡെലിവറി ചാർജ് 120 രൂപ

സംസ്ഥാനം അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകാത്തതാണ്. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.