തിരുവനന്തപുരം: ജീവനക്കാരുടെ സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെ മറ്റ് മാർഗങ്ങൾ തേടുകയാണ് സർക്കാർ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, സാലറി കട്ടിനായി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്യും. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

സംസ്ഥാന അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകത്തതാണ്. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ ജിവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് നിയമപ്രാബല്യം പോരായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്തശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കുറവ് ചെയ്യാനും 2020ലെ ശമ്പളവും ബത്തയും ഓർഡിനൻസ് വിളമ്പരം ചെയ്യാനും ഗവർണർക്ക് ശുപാർശ ചെയ്യും. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമേത്തിസ് തുകയിലും കുറവ് വരും.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റെ സ്വത്താണെന്ന് വ്യക്തമാക്കി. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

Read Also: മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം കാണിക്കരുത്; മുരളീധരനോട് കടകംപള്ളി

സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സാലറി ചലഞ്ചില്‍ നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്നും ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ഹൈക്കോടതി കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അതേസമയം, ​ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.