കൊച്ചി: ശമ്പളം മാറ്റിവയ്ക്കൽ ഓർഡിനൻസുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്ന് പറഞ്ഞ ഹൈക്കോടതി ആരോഗ്യപ്രവർത്തകർക്കും ഇളവില്ലെന്ന് വ്യക്തമാക്കി. ശമ്പളം പിടിക്കരുതെന്ന നഴ്സസ് യൂണിയന്റെ ആവശ്യം കോടതി നിരസിച്ചു. ആരോഗ്യ പ്രവർത്തകർക്കും ഇളവില്ലെന്നും ആരോടും വിവേചനമില്ലെന്നും ഇളവിന്റെ കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ ആരും നേരിട്ട് സമീപിച്ചിട്ടില്ലെന്നും സംഘടനയാണ് സമീപിച്ചതെന്നും സംഘടനയുടെ ആവശ്യം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാറ്റി വയ്ക്കുന്ന പണം ആരോഗ്യ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന സർക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
Read Also: മദ്യം സംസ്ഥാനങ്ങളുടെ ചാകരയാകുന്നത് എങ്ങനെ?
അതേസമയം, ശമ്പളം മാറ്റിവയ്ക്കൽ ഓർഡിനൻസ് സ്റ്റേ ചെയ്യാതിരുന്ന ഹൈക്കോടതി നടപടി സർക്കാരിന് ആശ്വാസമാണ്. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ട്. സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ല. സംസ്ഥാനം കടന്നുപോകുന്നത് കേട്ടുകേള്‍വിയില്ലാത്ത സ്ഥിതിയിലൂടെ ആണെന്നും കോടതി പറഞ്ഞു. ഓർഡിനൻസിനെ ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും കോടതി ഫയലിൽ സ്വീകരിച്ചു.
കോടതി വിധി സ്വാഗതാർഹമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റിവയ്ക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും ഇങ്ങനെയൊരു വിധി തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ ഓർഡിനൻസിനെതിരെ കോടതിയിൽ പോയവർ എങ്ങനെയൊക്കെ കുത്തിതിരിപ്പ് ഉണ്ടാക്കാം എന്നാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
Read Also: Kerala Weather: കേരളത്തിൽ മഴ തുടരും, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും
കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.