തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കഴിഞ്ഞ വർഷം സാലറി ചലഞ്ച് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. അതേസമയം, പ്രളയ ബാധിതർക്കുള്ള അടിയന്തര സഹായം സെപ്റ്റംബർ ഏഴിന് മുമ്പ് കൊടുത്ത് തീർക്കാനും തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. മഴക്കെടുതിയിൽ സഹായത്തിന് അർഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാക്കാനും തീരുമാനമായി. ഇതനുസരിച്ച് സെപ്റ്റംബർ ഏഴിനുള്ളിൽ സഹായം കൊടുത്ത് തീർക്കും. പ്രളയദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന നിർദേശം വില്ലേജ് ഓഫീസര്‍ക്കും, അതാത് മേഖലകളിലെ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കഴിഞ്ഞ മന്ത്രിസഭ യോഗം നല്‍കിയിരുന്നു.

Also Read: സംസ്ഥാനത്തെ പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

ആർഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ആശങ്ക നിലനിന്നിരുന്നു എന്നാൽ സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു.

Also Read: കായംകുളത്ത് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.