തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് പിരിച്ചെടുത്ത 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക കൈമാറാത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തുക ഉടന്‍ കൈമാറാന്‍ തീരുമാനിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് കൈമാറിയത്
സാലറി ചലഞ്ചിന്റെ ഗഡുക്കള്‍ പൂര്‍ത്തിയാകാന്‍ കാത്തിരുന്നതിനാലാണ് തുക കൈമാറാന്‍ താമസിച്ചതെന്നാണ് വൈദ്യുതി ബോര്‍ഡ് നല്കുന്ന വിശദീകരണം. ഇതില്‍ തെറ്റൊന്നും ഇല്ല എന്നാണ് ധനമന്ത്രി തോമസ് ഐസക്കും പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സലറി ചലഞ്ചിലൂടെ കെഎസ്ഇബി പണം പിരിക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണിത്. പാത്ത് മാസ തവണകളായാണ് സാലറി ചലഞ്ചിലേക്ക് ജീവനക്കാരും പെന്‍ഷന്‍കാരും പണം നല്‍കിയത്.
Read Also: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വർഷമായി കുറച്ചു, അടുത്ത വർഷം കളിക്കാം
മാർച്ച് 31 വരെ 102.61 കോടി രൂപ പിരിച്ചിട്ടുണ്ടെന്നും, തുക അതതു മാസം ദുരിതാശ്വാസ നിധിയിലേക്കു നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ബോർഡ് അറിയിച്ചതോടെയാണു വിവാദത്തിന്റെ തുടക്കം. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ വർഷം ജൂലൈ വരെ 10 മാസം കൊണ്ടു പിരിച്ചത് 132.46 കോടി രൂപയാണ്. പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തത് വിവാദമായതിനെ തുടർന്ന് ചൊവ്വാഴ്ച തന്നെ തുക കെെമാറുമെന്ന് വെെദ്യുതി മന്ത്രിയും അറിയിച്ചിരുന്നു.