ന്യൂഡൽഹി: സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തിൽ നിന്ന് കരകയറാൻ മുഖ്യമന്ത്രി തുടങ്ങിവച്ച സാലറി ചലഞ്ച് വിഷയത്തിൽ സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ. സാലറി ചലഞ്ചിൽ സർക്കാർ ജീവനക്കാർ ശമ്പളം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് കേസ്.
സാലറി ചലഞ്ചിൽ പണം നൽകാൻ തയ്യാറല്ലാത്തവരോട് വിസമ്മതപത്രം വാങ്ങുന്നത് അവരുടെ ആത്മാഭിമാനത്തെ തകർക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാർ നിബന്ധന നിർബന്ധിത പിരിവിന്റെ സ്വഭാവമുളളതാണെന്ന് ഹൈക്കോടതി വിധിയിൽ വിമർശിച്ചു.
എന്നാൽ പ്രളയത്തിൽ നിന്ന് കരകയറാൻ കേരളത്തെ സഹായിക്കുന്നതിന് വേണ്ടി എയർപോർട്ട് അതോറിറ്റിയും സുപ്രീം കോടതിയും ഉത്തരവ് ഇറക്കിയപ്പോൾ സമാനമായ നിബന്ധന ഉണ്ടായിരുന്നു. ഇതിലാണ് കേരളത്തിന്റെ പ്രതീക്ഷ.