കൊച്ചി: പ്രളയത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള സാലറി ചാലഞ്ചിനെ വിമര്‍ശിച്ചുകൊണ്ട് വീണ്ടും ഹൈക്കോടതി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞ കോടതി, ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
ദുരിത ബാധിതരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. ശമ്പളം നല്‍കാത്തവരുടെ പേരിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഐക്യം തകര്‍ക്കാന്‍ ഇടവരുത്തുമെന്ന് കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഉറപ്പിന് വിരുദ്ധമായാണ് ഉത്തരവെന്ന് കോടതി പറഞ്ഞു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കണം.
ഈ വിഷയത്തില്‍ മുമ്പും ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സംഭാവനയുമായി ബന്ധപ്പെട്ട ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധ സ്വഭാവമുള്ളതാണെന്നും, വിസമ്മതിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാകാത്തവര്‍ വിസമ്മത പത്രം നല്‍കണം എന്ന് സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഒരുമിച്ചോ, ഗഡുക്കളായോ നല്‍കാന്‍ തയ്യാറല്ലാത്തവരാണ് വിസമ്മത പത്രം നല്‍കേണ്ടത്. ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.