ന്യൂഡൽഹി: സാലറി ചലഞ്ചിലെ ഹൈക്കോടതി താൽക്കാലിക വിലക്കിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അംഗീകരിച്ചു. ഹർജി 29-ാം തീയതി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

പ്രളയത്തിൽനിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ സാലറി ചലഞ്ച് കൊണ്ടുവന്നത്. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നായിരുന്നു ചലഞ്ച് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇതോടെ, ശമ്പളം നൽകാൻ തയ്യാറല്ലാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്നായിരുന്നു കോടതി നിർദ്ദേശം. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.