തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ജീവനക്കാരുടെ സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെയാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതേസമയം, ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പള വിതരണം വൈകും. ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നതിനു ശേഷമേ ശമ്പളം വിതരണം ചെയ്യൂ.
Read More: സാലറി ചലഞ്ചിൽ ജഡ്‌ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിനോട് ഹൈക്കോടതി
സംസ്ഥാനം അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകാത്തതാണ്. വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ ജിവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന് നിയമപ്രാബല്യം പോരായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്തതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കുറയ്ക്കാനും 2020ലെ ശമ്പളവും ബത്തയും ഓർഡിനൻസ് വിളംബരം ചെയ്യാനുമാണ് തീരുമാനം. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമേത്തിസ് തുകയിലും കുറവ് വരും.
സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റെ സ്വത്താണെന്ന് വ്യക്തമാക്കുകയായിരുന്നു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.