കൊച്ചി: സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സാലറി ചലഞ്ചില്‍ നിന്നും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ഒഴിവാക്കണമെന്നും ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്നവരാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ഹൈക്കോടതി കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.
Read More: സാലറി കട്ട്: ഹെെക്കോടതി വിധിക്കെതിരെ അപ്പീലിനില്ല, ഓർഡിനൻസിന് സാധ്യത
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാലറി ചലഞ്ചില്‍ നിന്നും ജഡ്ജിമാരെ ഒഴിവാക്കണമെന്ന് അറിയിച്ച് ഹൈക്കോടതി കത്ത് അയച്ചത്.
നേരത്തെ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ വേതനം താൽക്കാലികമായ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശമ്പളം പൗരന്റെ സ്വത്താണെന്ന് വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും സർക്കാർ ഇതുവരെ കൈകൊണ്ടട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സാലറി കട്ട് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ ഉത്തരവിന് നിയമ പ്രാബല്യം നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.