കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സിപിഎം കളമശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈന് പാർട്ടി അന്വേഷണത്തിൽ ക്ലീൻ ചിറ്റ്. സിപിഎം സംസ്ഥാന സെക്രട്ടേറിയെറ്റ് അംഗം എളമരം കരീമാണ് അന്വേഷണം നടത്തിയത്.

സക്കീർ ഹുസൈൻ തെറ്റ് ചെയ്തിട്ടില്ലെന്നും യഥാസമയം വിവരങ്ങൾ പാർട്ടിയെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ വിവാദമായ കേസ് ആണിത്.

ബിസിനസ് തർക്കത്തിൽ ഇടപെട്ട സക്കീർ ഹുസൈന് വേണ്ടി കറുകപ്പള്ളി സിദ്ധിഖ് എന്ന ഗുണ്ടാ നേതാവും സംഘവും പാലാരിവട്ടത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് വ്യവസായി പരാതിപ്പെട്ടത്. ഈ കേസിൽ വാറണ്ട് പുറപ്പെടുവിച്ചപ്പോൾ സക്കീർ ഹുസൈൻ ഒളിവിൽ പോയി.

ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം മുൻകൂർ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് സക്കീർ ഹുസൈൻ കീഴടങ്ങിയത്. പിന്നീട് ദിവസങ്ങളോളം സക്കീർ ഹുസൈൻ റിമാന്റിലായിരുന്നു.

പാർട്ടി കുറ്റവിമുക്തനാക്കിയതോടെ സക്കീർ ഹുസൈനെ വീണ്ടും കളമശേരി ഏരിയ സെക്രട്ടറിയാക്കാൻ ശ്രമം നടന്നു. എന്നാൽ 18 കമ്മിറ്റിയംഗങ്ങളിൽ 16 പേരും എതിർത്തതോടെ ഈ ശ്രമം നടന്നില്ല. പിന്നീട് ജില്ല കമ്മിറ്റി വഴി ഏരിയ സെക്രട്ടറിയാക്കാൻ ശ്രമം നടത്തിയെങ്കിലും ഇതിനെതിരെയും നേതാക്കൾ രംഗത്ത് വന്നു.

ഗുണ്ടാനിയമപ്രകാരമാണ് സക്കീഞ്ഞ ഹുസൈനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. സക്കീർ ഹുസൈൻ നേരത്തേ 21 ദിവസം ഒളിവിൽ കഴിഞ്ഞിരുന്നു. 15 ലധികം ക്രിമിനൽ കേസുകൾ സക്കീർ ഹുസൈന് എതിരെ ഉണ്ടെന്നാണ് മറ്റൊരു വിവരം.

ഈ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി ക്കീർ ഹുസൈനോട് കീഴടങ്ങാൻ നിർബന്ധിച്ചത്. എറണാകുളത്തെ പാർട്ടിയിൽ സക്കീർ ഹുസൈന് സംരക്ഷണം ലഭിക്കുന്നുവെന്ന് പരാതി ഉയർന്നപ്പോഴാണ് സംസ്ഥാന കമ്മിറ്റി അന്വേഷണവുമായി വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ