scorecardresearch

സജി ചെറിയാൻ: എന്നും വിവാദങ്ങളുടെ വഴിയേ, ഗത്യന്തരമില്ലാതെ രാജി

സി പി എം ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്ന പ്രചാരണം ദേശീയതലത്തില്‍ തിരിച്ചടിയാകുന്നതു പാര്‍ട്ടി കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി

Saji Cherian, Resignation, CPM

”ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്റ്റര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. പതിനായിരങ്ങള്‍ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടു മല്‍സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. പ്ലീസ്..”

2018ലെ പ്രളയകാലത്ത് കേരളം വിറങ്ങലിച്ചുനില്‍ക്കവെ മാധ്യമങ്ങളിലൂടെ കേട്ട സഹായാഭ്യര്‍ഥനകളില്‍ ഒന്നായിരുന്നു ഇത്. നിസഹായതയുടെ വക്കില്‍നിന്നുള്ള ഈ അഭ്യര്‍ഥന ഒരു എം എല്‍ എയില്‍നിന്നായിരുന്നു, പേര് സജി ചെറിയാന്‍. ആ ഒറ്റ അഭ്യര്‍ഥനയിലൂടെ കേരളം മുഴുക്കെ ശ്രദ്ധേയനായ നേതാവിനാണ് ഇന്നിപ്പോള്‍, സംസ്ഥാനം മുഴുക്കെ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദത്തിലൂടെ മന്ത്രിസഭയില്‍നിന്നു പുറത്തേക്കു വഴി തുറന്നിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മണ്ഡലം എം എല്‍ എയായ സജി ചെറിയാന്റെ പ്രളയകാലത്തെ സഹായാഭ്യര്‍ഥന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ചര്‍ച്ചയിലേക്കു നയിച്ചിരുന്നു. എന്നാല്‍, ”ആ നിമിഷം എടനാടിലെ അവസ്ഥ കണ്ട് ഞാന്‍ കരഞ്ഞു പോയതാണ്. ഒരടി കൂടെ വെളളം ഉയര്‍ന്നിരുന്നുവെങ്കില്‍ അവിടെ ഒരാള്‍ പോലും ജീവനോടെ അവശേഷിക്കുമായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഞാന്‍ കരഞ്ഞത്,” എന്നാണ് ഈ സംഭവത്തെക്കുറിച്ച് പ്രളയസ്ഥലം സന്ദര്‍ശിച്ച സജി ചെറിയാന്‍ പറഞ്ഞത്.

വിവാദ വഴിയിൽ ആദ്യമല്ല, ഇത്തവണ പാർട്ടിക്കുള്ളിലും പ്രതിഷേധം

പ്രളയകാലത്തെ വിമര്‍ശനം കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്നു വീണ്ടും ജയിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവിയിലേക്ക് എത്തിയിട്ടും അദ്ദേഹം പല തവണ വിവാദത്തിന്റെ വഴിയെ സഞ്ചരിച്ചു. ഇത്തവണ പക്ഷേ ‘നാക്കുപിഴ’യെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ അത്ര ലളിതമായിരുന്നില്ല കാര്യങ്ങളെന്നു മാത്രം.

Saji Cherian, Resignation, CPM

പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനൊപ്പം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന പരാതി കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ കൂടിയാണു വലിയ പരുക്കേല്‍ക്കുന്നതിനു മുന്‍പ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുഖം രക്ഷിച്ചിരിക്കുന്നത്. ‘കുന്തം കുടച്ചക്രം’ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി ഘടകകക്ഷികളില്‍നിന്നും സി പിമ്മിനുള്ളില്‍നിന്നും സഹയാത്രികരില്‍നിന്നും വരെ നിശിത വിമര്‍ശമുയര്‍ന്നതോടെ സജി ചെറിയാനു മന്ത്രിമന്ദിരത്തില്‍നിന്ന് എം എല്‍ എ ഹോസ്റ്റലിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയല്ലാതെ സര്‍ക്കാരിനും സി പി എമ്മിനും ഗത്യന്തരമുണ്ടായിരുന്നില്ല.

ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെങ്കിലും സംഘപരിവാറില്‍നിന്നു ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്ത്, അതിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നതിനെ ‘എന്ത് പ്രഹസനോണ് സജീ’ എന്ന് ഇടത്-വിശാല ജനാധിപത്യ കേന്ദ്രങ്ങളില്‍നിന്ന് പൊതുവെ ഉയര്‍ന്ന വിമര്‍ശം. കാരണം ഭരണഘടന സംരക്ഷിക്കപ്പെടണമെന്നതാണു ദേശീയതലത്തിൽ സി പിഎം ഉയർത്തിപ്പിടിക്കുന്ന നിലപാട്.

അതേസമയം, സജി ചെറിയാന്റെ കടന്ന കൈ പ്രതികരണം സി പി എം ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്ന പ്രചാരണം പ്രതിപക്ഷം ഗുണകരമാക്കുന്നതിനൊപ്പം ബി ജെപി ദേശീയതലത്തില്‍ ആയുധമാക്കാനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞു. മന്ത്രിയുടെ പരാമർശം ദേശീയമാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത നൽകിയപ്പോൾ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു നിരവധി നിയമവിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതും പിന്നാലെ രാജി തീരുമാനുണ്ടായതും. യെച്ചൂരി ഇക്കാര്യം വ്യക്തമാക്കുന്നതു വരെയും ‘നാക്കുപിഴ’ എന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വവും എം എ ബേബിയെപ്പോലുള്ള കേരളത്തിൽനിന്നുള്ള കേന്ദ്രനേതാക്കളും.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെതിരെ അടുത്ത കാലത്ത് വലിയ വിമര്‍ശമുയര്‍ന്നിരുന്നു. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും ‘എവിടുന്ന് കിട്ടി ഈ സാധനത്തിനെ’ എന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Saji Cherian, Resignation, CPM

സില്‍വര്‍ലൈന്‍ ബഫര്‍ സോണ്‍ വിഷയമായിരുന്നു സജി ചെറിയാന്‍ പിടിച്ച മറ്റൊരു വിവാദപ്പുലിവാല്‍. കെ റയില്‍ പാതയ്ക്കിരുവശവും ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നും താന്‍ ഡി പി ആര്‍ മുഴുവന്‍ വായിച്ചതാണെന്നുമാണ് അദ്ദേഹം അന്നു പറഞ്ഞത്. ഇതിനെതിരെ വലിയ വിമര്‍ശമുയര്‍ന്നു. പിന്നാലെ കെ റെയില്‍ എം ഡിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബഫര്‍ സോണ്‍ ഉണ്ടെന്നു വ്യക്തമാക്കിയതോടെ സജി ചെറിയാനു തിരുത്തേണ്ടി വന്നു. ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണു ശരിയെന്നും തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ് അദ്ദേഹം തിരുത്തിയത്.

തനിക്കു താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി സജി ചെറിയാന്‍ ഇടപെട്ട് സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആരോപിച്ചതും ഇതേ കാലത്തായിരുന്നു. എന്നാല്‍ ഇതു വില കുറഞ്ഞ ആരോപണമാണെന്നു പ്രതികരിച്ച സജി ചെറിയാന്‍ ‘എന്റെ വീടിന്റെ മുന്‍പില്‍ കൂടി അലൈന്‍മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈ എടുക്കണം’ എന്നു പറഞ്ഞിരുന്നു.

”എന്റെ വീടിന്റെ മണ്ടയ്ക്കു കൂടി കൊണ്ടുവരട്ടെ. അതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരു പൈസയും വേണ്ട. കോടിക്കണക്കിനു രൂപ വില കിട്ടുന്ന ചെങ്ങന്നൂരിലെ എന്റെ വീടും സ്ഥലവും എന്റെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൊടുക്കാന്‍ എഴുതി വച്ചതാണ്. വീട് സില്‍വര്‍ലൈനിനു വിട്ടുനല്‍കിയാല്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പണം തിരുവഞ്ചൂരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പാലിയേറ്റീവ് സൊസൈറ്റിക്കു കൊടുത്താല്‍ മതി. എനിക്ക് ഒരു പൈസയും വേണ്ട.”എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡ ബ്ല്യു സി സിക്കെതിരെ നടത്തിയ സജി ചെറിയാന്‍ നടത്തിയ വിമര്‍ശവും വിവാദം സൃഷ്ടിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും പുറത്തുവിടണമെന്നു പറയുന്നവര്‍ക്കു വേറെ ഉദ്ദേശമാണെന്നുമായിരുന്നു സിനിമയുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രിയുടെ വാക്കുകള്‍.

Saji Cherian, Resignation, CPM
Photo: Facebook/ Saji Cherian

താനറിയാതെ ദത്തുനല്‍കിയ കുഞ്ഞിനുവേണ്ടി വേണ്ടി നിയമപോരാട്ടം നടത്തിയ അനുപമക്കെതിരായ പരാമര്‍ശത്തിലും സജി ചെറിയാന്‍ വലിയ വിമര്‍ശം നേരിട്ടു. ”വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികളുണ്ടാകുക. എന്നിട്ടും സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുപോരാഞ്ഞിട്ടും വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുക. ആ കുട്ടിക്കും കുഞ്ഞിനെ നൽകുക. പെൺകുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം,”എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ താന്‍ മുന്‍പ് വിവാഹം കഴിച്ചിരുന്നെങ്കിലും മറ്റൊരു കുട്ടി ഇല്ലെന്ന് അനുപമയുടെ പങ്കാളി അജിത് വ്യക്തമാക്കിയിരുന്നു.

ചെങ്ങന്നൂരിൽ വലിയ സ്വാധീനം

വിവാദങ്ങളുടെ തോഴനാകുമ്പോഴും ചെങ്ങന്നൂരുകാര്‍ക്ക് അത്ര എളുപ്പം മറക്കാവുന്ന ഒരു പേരല്ല സജി ചെറിയാന്‍. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് 2018ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയുടെ പടികയറുന്നത്. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കെ കെ രാമചന്ദ്രന്‍ നായര്‍ നേടിയതിനേക്കാള്‍ 14,423 വോട്ട് അധികമായിരുന്നു അത്. 2021ലെ തിരഞ്ഞെടുപ്പില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം 32,093 ആയി ഉയര്‍ത്തി. പിന്നാലെ മന്ത്രിസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. സാംസ്‌കാരിക, സിനിമാ വകുപ്പുകള്‍ക്കൊപ്പം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളും അദ്ദേഹം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഭരണകാലയളവില്‍ അദ്ദേഹം കൈകാര്യം ചെയ്തു.

ചെങ്ങന്നൂരിലെ കൊഴുവല്ലൂരില്‍ 1965 മേയ് 28 നാെയിരുന്നു സജി ചെറിയാന്റെ ജനനം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍നിന്നു ബിരുദം നേടിയ അദ്ദേഹം എസ് എഫ് ഐയിലൂടെയാണു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയത്. എസ് എഫ് ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സി ഐ ടി യു ജില്ലാ പ്രസിഡന്റ്, സി പി എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സംഘടനാ ചുമതലകള്‍ വഹിച്ചു. ഇതിനിടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ പദവികളും വഹിച്ചു.

രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യം

രണ്ടാം പിണറായി മന്ത്രിസഭയില്‍നിന്നു പുറത്തുപോകുന്ന ആദ്യ മന്ത്രിയാണു സജി ചെറിയാന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നാല് മന്ത്രിമാര്‍ക്കു പുറത്തേക്കുള്ള വഴി തുറന്നിരുന്നെങ്കിലും അന്നൊന്നുമില്ലാത്ത പ്രതിസന്ധിയിലാണു സജി ചെറിയാൻ സി പി എമ്മിനെ എത്തിച്ചത്. മന്ത്രിയായി തുടരവെ കോടതിയിൽനിന്ന് എതിരായ പരാമർശം വന്നാൽ അത് സജി ചെറിയാനു മാത്രമല്ല സി പി എമ്മിനും സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.

അതുപോലെ ഭരണഘടന സംരക്ഷിക്കണമെന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സി പി എമ്മിന്റെ മുതിർന്ന നേതാക്കളിലൊരാൾ ഭരണഘടനയെ തള്ളിപ്പറഞ്ഞത് ദേശീയതലത്തിൽ തന്നെ ചർച്ചയായെന്നതും പാർട്ടിക്കു മുന്നിൽ വെല്ലുവിളിയായി. സംഭവത്തെ നാക്കുപിഴയായി എം എ ബേബിയും ഇ പി ജയരാജനും എം വി ജയരാജയനും പറഞ്ഞെങ്കിലും അതിലൊങ്ങില്ല കാര്യങ്ങളെന്നു സി പി എമ്മിനു മനസിലായിരുന്നു.

എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാനെ ഒറ്റയടിക്കു തള്ളാൻ സി പി എമ്മിന് അത്ര പെട്ടെന്ന് കഴിയില്ല. അദ്ദേഹത്തിന്റ റോൾ ഇനി എന്തായിരിക്കുമെന്നാണ് അറിയാനുള്ളത്. അതുപോലെ കോടതിയിൽ നിന്ന് എം എൽ എ സ്ഥാനത്തിനു പോലും ഭീഷണിയാകുന്ന വിധിയുണ്ടാകുമോയെന്നതും. കേസിൽ കുറ്റവിമുക്തനാകുന്ന സാഹചര്യം വന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇ പി ജയരാജന്റെ കാര്യത്തിലെന്ന പോലെ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്കു തിരിച്ചത്തുമോ അതോ പകരം മന്ത്രിയെ നിയോഗിക്കുമോയെന്നും ഇനി അറിയാനുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നാല് മന്ത്രിമാര്‍ക്കു രാജി വയ്‌ക്കേണ്ടി വന്നിരുന്നു. വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍, ഗതാഗത മന്ത്രിമാരായിരുന്ന എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ എന്നിവരായിരുന്നു അവര്‍.

ബന്ധുനിയമന വിവാദത്തില്‍ 2016 ഒക്‌ടോബര്‍ 16നായിരുന്നു ഇ പി ജയരാജന്റെ രാജി. ജയരാജന്റെ ഭാര്യാ സഹോദരിയും അന്ന് കണ്ണൂര്‍ എം പിയുമായിരുന്ന പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം ഡിയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജി. കേസില്‍ ജയരാജനു വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ രണ്ടു വര്‍ഷത്തിനുശേഷം 2018 ഓഗസ്റ്റ് 14ന് അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതേ വകുപ്പിലെത്തി.

ഫോണ്‍കെണി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ കെ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26നായിരുന്നു രാജിവച്ചത്. അദ്ദേഹത്തിന്റേതെന്നു കരുതുന്ന ലൈംഗിക ചുവയുള്ള ടെലഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ ചാനലാണു പുറത്തുവിട്ടത്.

ശശീന്ദ്രന്‍ രാജിവച്ചതിനു പകരമായി എന്‍ സി പിയുടെ തന്നെ മറ്റൊരു എം എല്‍ എ തോമസ് ചാണ്ടി ഏപ്രില്‍ ഒന്നിനു മന്ത്രിസഭയിലെത്തി. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണ വിഷയത്തില്‍ നവംബര്‍ 15നു തോമസ് ചാണ്ടിക്കു രാജിവയ്‌ക്കേണ്ടി വന്നു. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചുവെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ആലപ്പുഴ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി.

ഇതിനു പിന്നാലെ, 2018 ജനുവരി 27ന് ശശീന്ദ്രനെ ഫോണ്‍ കെണി കേസില്‍ വിചാരണക്കോടതി കുറ്റമുക്തനാക്കി. ഫെബ്രുവരി ഒന്നിന് അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 10 മാസത്തിനുശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ 2021 ഏപ്രില്‍ 13നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ രാജി. ഇ പി ജയരാജനെപ്പോലെ ബന്ധുനിയമന വിവാദമാണു ജലീലിനും വിനയായത്. ന്യൂനപക്ഷ വികസ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി യോഗ്യതയില്‍ മാറ്റം വരുത്തി ടി കെ അദീബിനെ നിയമിച്ചുവെന്നായിരുന്നു ആരോപണം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കെയായിരുന്നു അദീബിന്റെ നിയമനം.

ജലീലിനു മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു രാജി. കോടതിയില്‍നിന്നുള്ള തിരിച്ചടി ഭയന്നായിരുന്നു ജലീലിന്റെ രാജി തീരുമാനം.

2021ലെ തിരഞ്ഞെടുപ്പിലും വിജയിച്ച എ കെ ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിയായി. കെ ടി ജലീലും വീണ്ടും വിജയിച്ചെങ്കിലും മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല. അതേസമയം, പുതുമുഖങ്ങളെ കൂടുതലായി പരിഗണിച്ച സി പി എം, ഇപി ജയരാജനു സീറ്റ് നൽകിയില്ല. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം ഇടതുമുന്നണി കണ്‍വീനറായും പ്രവര്‍ത്തിക്കുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Saji cherian steps down over controversial remarks about constitution